Connect with us

National

കല്‍ബുര്‍ഗി വധക്കേസ്: ഗൗരി ലങ്കേഷ് കേസ് അന്വേഷിച്ച സംഘത്തിനു കൈമാറി സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പണ്ഡിതനും എഴുത്തുകാരനുമായ എം എം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ കേസ് ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിച്ച പ്രത്യേക സംഘം (എസ് ഐ ടി) അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കര്‍ണാടക ഹൈക്കോടതിയുടെ ദര്‍വാദ ബഞ്ചിന്റെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കേസ് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവി കല്‍ബുര്‍ഗി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ്് എന്നിവരുടെ കൊലപാതകവുമായി കല്‍ബുര്‍ഗി വധത്തിനു സമാനതകളുണ്ടെന്ന് ഉമാദേവി ഹരജിയില്‍ സൂചിപ്പിച്ചിരുന്നു. ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുടെ ബഞ്ച് ഇത് ശരിവച്ചു.

കേസ് മഹാരാഷ്ട്ര എസ് ഐ ടിക്കു കൈമാറേണ്ട കാര്യമില്ലെന്ന കര്‍ണാടക അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ദേവദത്ത് കാമത്തിന്റെ വാദവും കോടതി അംഗീകരിച്ചു. തുടര്‍ന്ന് കര്‍ണാടക എസ് ഐ ടി കേസന്വേഷിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.