അധിക സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് ലീഗും കേരള കോണ്‍ഗ്രസും; തീരുമാനമെടുക്കാനാകാതെ യു ഡി എഫ്

Posted on: February 26, 2019 6:32 pm | Last updated: February 26, 2019 at 9:46 pm

കൊച്ചി: അധിക സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും തയാറാകഞ്ഞതോടെ യു ഡി എഫിന്റെ ആദ്യഘട്ട സീറ്റുവിഭജന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. മാര്‍ച്ച് ഒന്നിന് ഇരു കക്ഷികളുമായും വീണ്ടും ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാനുമാണ് ഇന്ന് ചര്‍ച്ചക്കു നേതൃത്വം നല്‍കിയത്.

പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്കു പുറമെ പാലക്കാട്, വടകര, കാസര്‍കോട് എന്നിവയിലേതെങ്കിലുമൊന്ന് വേണമെന്ന് ലീഗും കോട്ടയത്തിനു പുറമെ ഇടുക്കി കൂടി ലഭിക്കണമെന്ന് കെ എം മാണിയും പി ജെ ജോസഫും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു വഴങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. കോണ്‍ഗ്രസ് പരമാവധി സീറ്റില്‍ മത്സരിക്കേണ്ട തിരഞ്ഞെടുപ്പാണ് വരുന്നതെന്ന് ചെന്നിത്തലയും ബെന്നി ബെഹ്‌നാനും പറഞ്ഞു.

ഇടുക്കി വേണമെന്ന കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെയും ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് തങ്ങള്‍ക്കു നല്‍കണമെന്ന സി എം പിയുടെയും ആവശ്യവും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറല്ല. ഘടക കക്ഷികളുടെ ആവശ്യം ന്യായമാണെങ്കിലും കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തിലെത്തണമെന്ന ആത്യന്തിക ആവശ്യം മുന്‍നിര്‍ത്തി അത് നിരസിക്കാതെ നിവൃത്തിയില്ലെന്ന നിലപാടാണ് കെ പി സി സി സ്വീകരിച്ചിട്ടുള്ളത്.