Connect with us

Ongoing News

ശോഭാ കരന്തലജെക്കെതിരെ ബി ജെ പിയിൽ പട

Published

|

Last Updated

ബി ജെ പി നേതാവ് ശോഭാകരന്തലജെയെ ഉഡുപ്പി- ചിക്കമംഗളൂരു മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രവർത്തകർ രംഗത്ത്. ഗോ ബാക്ക് ശോഭകരന്തലജെ മുദ്രാവാക്യവുമായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അണികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. എം പി എന്ന നിലയിൽ മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ ഇടപെടാതെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശോഭാ കരന്തലജെ തയ്യാറായതെന്നാണ് പാർട്ടി പ്രവർത്തകർ കുറ്റപ്പെടുത്തുന്നത്.

മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷവും വികസന മുരടിപ്പാണുണ്ടായതെന്നും ജനകീയ പ്രശ്‌നങ്ങൾ ബോധിപ്പിക്കാൻ എം പി ഇല്ലാത്ത അവസ്ഥയാണുണ്ടായതെന്നും അണികൾ ആരോപിക്കുന്നു. ഉഡുപ്പി- ചിക്കമംഗളൂരുവിൽ ശോഭയെ ഇത്തവണ മത്സരിപ്പിക്കരുതെന്നും പ്രവർത്തകരുടെ വികാരം മാനിക്കാതെ ശോഭയെ തന്നെ വീണ്ടും രംഗത്തിറക്കുകയാണെങ്കിൽ തിരഞ്ഞെടുപ്പുമായി സഹകരിക്കുകയില്ലെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണ്ഡലത്തിലെ ബി ജെ പിയുടെ പ്രാദേശിക നേതാക്കളും അണികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണ്ഡലത്തിലെ താരിക്കരെയിൽ റെയിൽവേ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിക്ക് ശോഭക കരന്തലജെ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധം തുടങ്ങിയത്. ശോഭ വീണ്ടും മത്സരിക്കുകയാണെങ്കിൽ വോട്ട് തേടി ജനങ്ങളിലേക്കിറങ്ങുക പ്രയാസമാണെന്നാണ് പ്രവർത്തകർ വ്യക്തമാക്കുന്നത്.

സിറ്റിംഗ് എം പിക്കെതിരെ അണികൾ രംഗത്തു വന്ന സാഹചര്യത്തിൽ സർവസ്വീകാര്യനായ മറ്റൊരു വ്യക്തിയെ സ്ഥാനാർഥിയാക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. ജയപ്രകാശ് ഹെഗ്‌ഡെയെ സ്ഥാനാർഥിയാക്കണമെന്നതാണ് പ്രവർത്തകരുടെ ആവശ്യം. 2017ൽ കോൺഗ്രസിൽ നിന്ന് ബി ജെ പിയിലെത്തിയ നേതാവാണ് ജയപ്രകാശ് ഹെഗ്‌ഡെ.
പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി എസ് യെദ്യൂരപ്പയുമായി അടുപ്പമുള്ള ശോഭ കരന്തലജെ കഴിഞ്ഞ അഞ്ച് വർഷവും കർണാടക രാഷ്ട്രീയത്തിൽ സജീവമായിരുന്നു.ശോഭക്കെതിരെ പാർട്ടി പ്രവർത്തകർ തന്നെ പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മണ്ഡലത്തിൽ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത പല പദ്ധതികളും പ്രാവർത്തികമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രവർത്തകർ ആരോപിക്കുന്നു.
ബി ജെ പിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒന്നാണ് ഉഡുപ്പി- ചിക്കമംഗളൂരു. 2014ലെ തിരഞ്ഞെടുപ്പിൽ 1,81,643 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശോഭകരന്തലജെ തിരഞ്ഞെടുക്കപ്പെട്ടത്.
കോൺഗ്രസിലെ കെ ജയപ്രകാശ് ഹെഗ്‌ഡെയെയാണ് അവർ തോൽപ്പിച്ചത്.

Latest