വി വി പാറ്റ് പരിചയപ്പെടാം; മോക്‌പോളിംഗുമായി കമ്മീഷൻ

Posted on: February 25, 2019 11:55 am | Last updated: February 25, 2019 at 11:55 am

തിരുവനന്തപുരം: ബോധവത്കരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. കൂടുതൽ പേരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനൊപ്പം വോട്ടിംഗ് രീതി മനസ്സിലാക്കാനുള്ള അവസരം കൂടിയാണിത്. വി വി പാറ്റ് സമ്പ്രദായം വോട്ടർമാരെ പരിചയപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മോക്‌പോളിംഗ് നടത്തുന്നത്.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതലാണ് മോക്‌പോളിംഗ്. നിയമസഭാ മണ്ഡലങ്ങളിലെ നാല് കേന്ദ്രങ്ങളിൽ മോക് പോളിംഗ് നടക്കും. വോട്ട് ശരിയായി രേഖപ്പെടുത്തിയെന്ന് സമ്മതിദായകന് ഉറപ്പിക്കാനായാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിന്റെ ഭാഗമായി വോട്ടർ വെരിഫിക്കബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വി വി പാറ്റ് സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയത്. രേഖപ്പെടുത്തിയ വോട്ടിന്റെ വിവരം കടലാസ് സ്ലിപ്പിലൂടെ കാണിക്കുന്നതാണ് ഈ സംവിധാനം.

വി വി പാറ്റ് പരിചയപ്പെടുത്തുന്നതിന് പ്രത്യേക ടീമിനെ തന്നെ കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ സാങ്കേതികതയും സുരക്ഷാ നടപടികളും വിശദീകരിക്കുന്നതിനൊപ്പം മെഷീനിൽ ഡമ്മി വോട്ടിംഗും വോട്ടെണ്ണലും നടത്തി പ്രവർത്തനം മനസ്സിലാക്കി കൊടുക്കും. ഒരു ദിവസം നാല് കേന്ദ്രങ്ങളിൽ മോക് പോളിംഗ് നടക്കും. ഒന്നര മണിക്കൂറോളം ദൈർഘ്യമുണ്ടാകും. ഈ മാസം 28 വരെയാണ് ആദ്യഘട്ട ബോധവത്കരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമാകും രണ്ടാം ഘട്ട ബോധവത്കരണ പരിപാടികൾ.

വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് മോക് പോളിംഗുമായി വോട്ടർമാരിലേക്ക് ഇറങ്ങുന്നത്. മെഷീൻ സംബന്ധിച്ച അനാവശ്യ പരിഭ്രാന്തിയോ ആശങ്കയോ വേണ്ടെന്നാണ് കമ്മീഷൻ നിലപാട്. മെഷീനിൽ തിരിമറി നടത്തുക സാധ്യമല്ല. സാങ്കേതിക പ്രശ്‌നമുണ്ടായാൽ പകരം മെഷീൻ ഉപയോഗിക്കാനോ ആ ബൂത്തിലെ പോളിംഗ് നിർത്തിവെക്കാനോ കഴിയും. ഇതിനായി എപ്പോഴും 25 ശതമാനത്തോളം മെഷീനുകൾ സ്റ്റാൻഡ് ബൈയായി സൂക്ഷിക്കാറുണ്ടെന്നും കമ്മീഷൻ വിശദീകരിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ വോട്ടിംഗ് മെഷീനിൽ അട്ടിമറി നടത്തിയെന്ന് ഒരാൾ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്മേൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. വോട്ടിംഗ് മെഷീനെ പ്രത്യേക നെറ്റ്‌വർക്കുമായി ബന്ധപ്പെടുത്തി ക്രമക്കേട് നടത്തിയെന്നായിരുന്നു ആരോപണം. ഇന്ത്യയിലെ വോട്ടിംഗ് മെഷീനുകൾ ഒരു നെറ്റ്‌വർക്കുമായും ബന്ധപ്പെടുത്താൻ കഴിയില്ലെന്ന് കമ്മീഷൻ വിശദീകരിക്കുന്നു. ഹാക്കിംഗിനോ മറ്റ് കടന്നുകയറ്റങ്ങൾക്കോ സാധ്യമല്ല. ഒരുതവണ പ്രോഗ്രാം ചെയ്താൽ പിന്നെ അത് മാറ്റാനാകില്ല. അങ്ങനെ ശ്രമമുണ്ടായാൽ പിന്നെ മെഷീൻ പ്രവർത്തിക്കില്ലെന്നും കമ്മീഷൻ വിശദീകരിക്കുന്നു.