Connect with us

Ongoing News

പ്രളയം, ദുരിതാശ്വാസം, പുനരധിവാസം

Published

|

Last Updated

മഹാപ്രളയത്തിൽ ജീവനും സ്വത്തുമുൾപ്പെടെ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച പ്രദേശമാണ് ആലപ്പുഴയിലെ കുട്ടനാട് ഉൾപ്പെടെയുള്ള കിഴക്കൻ പ്രദേശങ്ങൾ. പ്രളയ ദുരിതത്തിന്റെ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല. ചെങ്ങന്നൂർ, കുട്ടനാട് മണ്ഡലങ്ങളിലാണ് പ്രളയം വൻ നാശം വിതച്ചത്. രണ്ട് ലക്ഷത്തോളം പേരെയാണ് സർക്കാർ സംവിധാനത്തിൽ ഇവിടെ നിന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്, അപ്പർകുട്ടനാട്, ഓണാട്ടുകര കാർഷിക മേഖലയെ മാസങ്ങളോളം പ്രളയം മുക്കിയെങ്കിലും വളരെ വേഗത്തിൽ ഇതിനെ അതിജീവിക്കാൻ കഴിഞ്ഞത് സർക്കാറിന്റെയും ലോകമെമ്പാടുമുള്ള സന്നദ്ധ സംഘടനകളുടെയും നിർലോഭമായ സഹായങ്ങളോടെയാണ്. രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവിടെ പ്രളയവും ദുരിതാശ്വാസവും പുനരധിവാസവുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെടും.

പ്രളയ കാരണത്തെ ചൊല്ലി തന്നെ പ്രതിപക്ഷ കക്ഷികൾ ഉയർത്തിയിട്ടുള്ള ആരോപണങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും ഏറെ ചർച്ചയാകും. കണക്കിൽ കൂടുതൽ മഴ ലഭിച്ചതാണ് പ്രളയത്തിലേക്ക് നയിച്ചതെന്ന സർക്കാറിന്റെ വിശദീകരണത്തെ പ്രതിപക്ഷം നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. അണക്കെട്ടുകൾ ഘട്ടം ഘട്ടമായി തുറന്നുവിടുന്നതിന് പകരം ഒരുമിച്ച് തുറന്നുവിട്ടതും ബന്ധപ്പെട്ടവരുടെ ഭാഗത്തുണ്ടായ അനാസ്ഥയുമാണ് വൻതോതിൽ ജീവനാശവും കോടികളുടെ നാശനഷ്ടങ്ങളും വരുത്തിവെച്ചതെന്ന പ്രതിപക്ഷത്തിന്റെ ആരോപണശരങ്ങൾക്ക് മറുപടി പറയാൻ ഭരണപക്ഷം നന്നായി വിയർക്കേണ്ടി വരും. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചോ തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾ സംബന്ധിച്ചോ വലിയ ആരോപണങ്ങൾ ഉയർന്നേക്കില്ലെന്ന വിലയിരുത്തലിലാണ് ഭരണപക്ഷം.
കേരളത്തിന് ലഭ്യമാകുമായിരുന്ന കോടികളുടെ വിദേശ സാമ്പത്തിക സഹായങ്ങൾ മുടക്കിയ കേന്ദ്ര സർക്കാറിന്റെ നടപടികൾ കാര്യമായി ചർച്ച ചെയ്യപ്പെടും. യു എ ഇ സർക്കാർ പ്രഖ്യാപിച്ച 700 കോടിയുടെ സാമ്പത്തിക സഹായമടക്കം കോടിക്കണക്കിന് രൂപയുടെ വിദേശ സഹായമാണ് കേന്ദ്ര സർക്കാറിന്റെ കേരളത്തോടുള്ള അവഗണനയിൽ നഷ്ടമായത്. പ്രളയ പുനരധിവാസത്തിനായി കേരളം സമർപ്പിച്ച പദ്ധതികൾക്കും ആവശ്യമായ സഹായം നൽകാതെ കേന്ദ്രം പുറംതിരിഞ്ഞു നിന്നതും പ്രളയബാധിത പ്രദേശങ്ങളിലെങ്കിലും കാര്യമായി ചർച്ച ചെയ്യപ്പെടുമെന്നതിൽ തർക്കമില്ല.

പ്രളയ രക്ഷാപ്രവർത്തനത്തിൽ മുന്നിട്ടിറങ്ങുകയും കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് മുഖ്യമന്ത്രി പോലും വിശേഷിപ്പിക്കുകയും ചെയ്ത മത്സ്യത്തൊഴിലാളികൾക്കായി കാര്യമായ സഹായങ്ങളൊന്നും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തതിൽ വ്യാപകമായ അമർഷമുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ഇനിയും തൊഴിലെടുക്കാൻ പറ്റാത്ത നിരവധി പേരുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ തൊഴിലുപകരണങ്ങൾ തകർന്നവരും നിരവധിയാണ്. ഇവർക്കൊന്നും സർക്കാർ മതിയായ നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടില്ലെന്നത് ചർച്ചയാകും.

കണക്കുകൾ നിരത്തിയാകും ഭരണപക്ഷത്തിന്റെ മറുപടി. പ്രളയത്തിൽ പൂർണമായും തകർന്ന വീടുകളുടെ പുനർനിർമാണത്തിനുള്ള സാമ്പത്തിക സഹായം 800 കുടുംബങ്ങൾക്ക് ഒന്നാം ഗഡുവും 231 കുടുംബങ്ങൾക്ക് രണ്ടാം ഗഡുവും ഇരുപത് കുടുംബങ്ങൾക്ക് മൂന്നാം ഗഡുവും ഇതിനകം നൽകിക്കഴിഞ്ഞു. 15 ശതമാനം നാശനഷ്ടം സംഭവിച്ച 28,557 കുടുംബങ്ങളുടെയും 29 ശതമാനം വരെ നാശനഷ്ടംം സംഭവിച്ച 15,334 കുടുംബങ്ങളുടെയും 59 ശതമാനം വരെ നഷ്ടം സംഭവിച്ച 2,391 കുടുംബങ്ങളുടെയും 74 ശതമാനം വരെ നഷ്ടം സംഭവിച്ച 1,102 കുടുംബങ്ങളുടെയും അക്കൗണ്ടുകളിലേക്ക് ഇതിനകം ധനസഹായം എത്തിച്ചുകഴിഞ്ഞതായാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. എങ്കിലും വീടിന്റെ ഉറപ്പ് പരിശോധിക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവ് മൂലം നിരവധി പേർക്ക് ആനുകൂല്യം കിട്ടാതെ പോയെന്ന പരാതി നിലനിൽക്കുന്നു. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹരകണത്തോടെ പരിഹാരം കാണുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്. പിഴവ് പരിഹരിച്ച് ഇത്തരക്കാർക്ക് വീടു നൽകാൻ ഇനി എത്രനാളെടുക്കുമെന്ന കാര്യത്തിൽ സർക്കാറിനോ ജില്ലാ ഭരണകൂടത്തിനോ വ്യക്തമായ മറുപടി പറയാനാകുന്നില്ലെന്നത് പ്രതിപക്ഷത്തിന് വീണുകിട്ടിയ വടിയാണ്.

പ്രളയാനന്തര അതിജീവനത്തിൽ നെൽകൃഷി മേഖലയിലുണ്ടായ വർധിച്ച ഉത്പാദനം സർക്കാറിന് കരുത്തു പകരുമെങ്കിലും കാർഷിക മേഖലയിലെ നഷ്ടപരിഹാര വിതരണത്തിൽ ഇനിയും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നത് പ്രതിപക്ഷകക്ഷികൾ പ്രളയമേഖലയിൽ പ്രചാരണായുധമാക്കും.

Latest