Connect with us

Ongoing News

ഉറച്ച കോട്ടയിലും പോരാട്ട ചരിത്രമുണ്ട്

Published

|

Last Updated

കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ചരിത്രമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ചിത്രത്തിൽ എറണാകുളത്തെ എല്ലായ്‌പ്പോഴും കണക്കാക്കുന്നതും വിശേഷിപ്പിക്കുന്നതും വലതുമുന്നണിയുടെ കരുത്തുറ്റ കോട്ടയായി തന്നെയാണ്. കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി നഗരം ഉൾക്കൊള്ളുന്ന എറണാകുളം മണ്ഡലം യു എഡി എഫിനെ സംബന്ധിച്ചിടത്തോളം ഇന്നും സുരക്ഷിത മേഖല. ശത്രുപാളയത്തിൽ മണ്ഡലം മറിച്ചിടാൻ പോന്ന ആളില്ലെന്ന ആത്മവിശ്വാസത്തോടെ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാൻ യു ഡി എഫ് നാളുകൾക്കു മുമ്പേ കച്ച മുറുക്കിക്കഴിഞ്ഞു. കളമറിഞ്ഞു കളിച്ചാൽ ഈ കോട്ട തകർക്കാനാകുമെന്ന ഉറച്ച വിശ്വാസവുമായാണ് ഇടതുപക്ഷം പോരിനിറങ്ങുന്നത്. യു ഡി എഫിന്റെ പ്രതാപകാലത്തു തന്നെ സെബാസ്റ്റ്യൻ പോളിലൂടെ എറണാകുളം പിടിച്ചെടുത്തതിന്റെ ആത്മബലവും ജനകീയാടിത്തറ ശക്തിപ്പെട്ടുവെന്ന ഉറച്ച വിശ്വാസവും ചേർത്തുപിടിച്ചാണ് ഇക്കുറി ഇടതുപക്ഷം കളത്തിലിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ചലനങ്ങൾ ഇത്തവണ ചില നല്ല സൂചനകൾ നൽകുന്നുവെന്നും അവർ ഉറച്ചു വിശ്വസിക്കുന്നു. എന്നിരുന്നാലും എറണാകുളത്തെ മത്സരത്തിന് ഇക്കുറി ചൂടേറുമെന്ന് ഉറപ്പ്.

കളമശ്ശേരി, പറവൂർ, വൈപ്പിൻ, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് എറണാകുളം പാർലിമെന്റ് മണ്ഡലം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 12,09,440 ആണ് വോട്ടർമാരുടെ എണ്ണം. കൂടുതലും സ്ത്രീകൾ. ജില്ലയിലെ നവാഗതരായ 44,288 വോട്ടർമാരിൽ ഏറിയ കൂറും എറണാകുളം മണ്ഡലത്തിലാണ്. മുൻ കേന്ദ്ര മന്ത്രി കൂടിയായ കോൺഗ്രസിലെ കെ വി തോമസാണ് നിലവിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്.

കെ വി തോമസ് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നതെങ്കിൽ, കോൺഗ്രസിന് ഇത്തവണ കാര്യങ്ങൾ ശുഭകരമാകില്ല എന്ന വിലയിരുത്തലും സി പി എമ്മിനുണ്ട്. കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നുതന്നെ അടിയൊഴുക്ക് പ്രതീക്ഷിക്കുന്നതിനാൽ ബുദ്ധിപൂർവമായ നീക്കത്തിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് എൽ ഡി എഫ് കരുതുന്നത്.
ശത്രുപാളയത്തിൽ അട്ടിമറി നടത്താൻ തക്ക കരുത്തുള്ള ആളുകളില്ലെന്ന ആത്മവിശ്വാസത്തോടെയാണ് കോൺഗ്രസ് എറണാകുളത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെങ്കിലും സ്ഥാനാർഥി നിർണയം തലവേദനയായി മാറുന്നുണ്ട്. സിറ്റിംഗ് എം പി മാർക്ക് സീറ്റ് എന്നതും ജയസാധ്യതയും കണക്കിലെടുത്താൽ കെ വി തോമസിന് ഒരു തവണ കൂടി മത്സരിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. സീറ്റ് കിട്ടുന്ന കാര്യത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് ഇതിനകം അവർ ഉറപ്പിച്ചു കഴിഞ്ഞു.
യുവപ്രാതിനിധ്യം വേണമെന്ന ആവശ്യം കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഹൈബി ഈഡൻ എം എൽ എയുടെ പേരിനാണ് മുൻതൂക്കം. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് ഹൈബി ഈഡൻ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നഗരസഭാ മുൻ മേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് നേതാവ് ദീപക് ജോയി, ജി സി ഡി എ മുൻ ചെയർമാൻ എൻ വേണുഗോപാൽ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. സ്ഥാനാർഥി പ്രഖ്യാപനമായില്ലെങ്കിലും കെ വി തോമസ് എറണാകുളത്ത് സജീവമായിക്കഴിഞ്ഞു.ദേശീയ നേതൃത്വവുമായുള്ള അടുപ്പവും അദ്ദേഹത്തിന് ഗുണകരമാകും.

1967ൽ വി വിശ്വനാഥ മേനോൻ വിജയിച്ചപ്പോൾ, ചരിത്രത്തിൽ ഒരിക്കൽ മാത്രം അരിവാൾ ചുറ്റിക നക്ഷത്രത്തിനൊപ്പം നിന്ന എറണാകുളത്തിന് ഇക്കുറിയെങ്കിലും പാർട്ടി സ്ഥാനാർഥി തന്നെ വേണമെന്ന ആവശ്യത്തിലാണ് അണികൾ. പൊതുസ്വീകാര്യതയുള്ള സ്വതന്ത്ര സ്ഥാനാർഥികളെയാണ് ഇടതു മുന്നണിക്കായി സി പി എം സാധാരണയായി രംഗത്തിറക്കാറ്. ഇക്കുറി പൊതുസ്വതന്ത്രൻ വേണ്ടെന്ന നിലപാടിലാണ് പാർട്ടി ജില്ലാ നേതൃത്വവും കീഴ് ഘടകങ്ങളും. 2014ൽ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റി ഫെർണാണ്ടസിനെ മത്സരിപ്പിച്ചതിന് പഴികേട്ട സാഹചര്യത്തിലാണ് സ്ഥാനാർഥി പാർട്ടിക്കാരനാകണമെന്ന ആഗ്രഹം.

മണ്ഡലം പിടിച്ചെടുക്കാൻ പറ്റുന്ന സ്ഥാനാർഥിയെക്കുറിച്ചുള്ള വ്യക്തത ഇതുവരെയായും സി പി എമ്മിൽ ബലപ്പെട്ടിട്ടില്ല. ആദ്യമുയർന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവിന്റെ പേര്. രാജീവിന് ചാലക്കുടിയിൽ സ്ഥാനാർഥിത്വം നൽകാനുള്ള സാധ്യത വീണ്ടും ശക്തിപ്പെട്ടതോടെ വീണ്ടും സി പി എം ആശയക്കുഴപ്പത്തിലായിട്ടുണ്ട്. പാർട്ടിയിൽ നിന്ന് മികച്ചൊരു സ്ഥാനാർഥിയെ കണ്ടെത്തനായില്ലെങ്കിൽ ഇടതിന്റെ പോരാളി വീണ്ടും പൊതു സ്വതന്ത്രനാകും. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പരീക്ഷണ സ്ഥാനാർഥികളെയായിരുന്നു നിർത്തിയിരുന്നത്. ഇത്തവണ അതിൽ നിന്ന് മാറി ശക്തമായ പോരാട്ടത്തിന് വഴിതുറക്കാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. അപ്പോഴും ക്രിസ്ത്യൻ വോട്ടുകളെ എങ്ങനെ കൈപ്പിടിയിലാക്കാം എന്നതായിരിക്കും സി പി എം നേരിടുന്ന വെല്ലുവിളി. മണ്ഡലം പിടിക്കാൻ പലകുറി സി പി എം രംഗത്തിറക്കി ഒരു വട്ടം വിജയക്കൊടി പാറിച്ച സെബാസ്റ്റ്യൻ പോളിന്റെ മകൻ റോൺ പോളിനെ ഇക്കുറി സി പി എം സ്ഥാനാർഥിയാക്കുമെന്ന് തുടക്കത്തിൽ പ്രചാരണമുണ്ടായെങ്കിലും അതൊന്നും സി പി എം നേതൃത്വം ശരിവെക്കുന്നില്ല. വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈനും സി പി എം പട്ടികയിലുണ്ട്.
എറണാകുളത്ത് കാര്യമായ പ്രകടനം കാഴ്ചവെക്കാൻ ബി ജെ പിക്ക് സാധിച്ചിട്ടില്ല. ഇത്തവണയും വലിയ പ്രതീക്ഷയൊന്നുമില്ല. കാലടി സർവകലാശാല മുൻ വൈസ് ചാൻസലറും പി എസ് സി മുൻ ചെയർമാനുമായ ഡോ. കെ എസ് രാധാകൃഷ്ണനെ എറണാകുളത്ത് സ്ഥാനാർഥിയാക്കാൻ ബി ജെ പി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ, സ്ഥാനാർഥിയാകാൻ താത്പര്യമില്ലെന്ന നിലപാടിലാണത്രേ രാധാകൃഷ്ണൻ.

കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്ന് ബി ജെ പി കണക്കുകൂട്ടുന്നു. മുതിർന്ന നേതാക്കൾക്കൊന്നും മണ്ഡലത്തിനോട് താത്പര്യമില്ല. എറണാകുളത്തിന്റെ പാർട്ടി ചുമതലയുള്ള സെക്രട്ടറി ബി ഗോപാലകൃഷ്ണന്റെ പേര് ഇവിടെ ഉയരുന്നുണ്ട്. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ ബി ജെ പിക്ക് വലിയൊരു കുതിപ്പുണ്ടാകാൻ പോകുന്ന മണ്ഡലം എറണാകുളമായിരിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest