രാജ്യത്ത് വരും ദിനങ്ങളില്‍ മഴ

Posted on: February 24, 2019 8:26 pm | Last updated: February 24, 2019 at 8:26 pm

ദുബൈ: വരും ദിവസങ്ങളില്‍ രാജ്യത്ത് മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. കാറ്റിന് വേഗത കൂടും. കടലില്‍ പോകുന്നവരും തീരങ്ങളില്‍ വിനോദങ്ങളില്‍ ഏര്‍പെടുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്. ഒമാന്‍ കടലില്‍ മല്‍സ്യ ബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം. കടലില്‍ കാറ്റിന് ശക്തി പ്രാപിച്ചു മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത കൈവരുന്നതിനാല്‍ തിരമാലകള്‍ ഉയരും.
അറേബ്യന്‍ കടലില്‍ തിരമാലകള്‍ ശക്തി പ്രാപിച്ചു അഞ്ച് മുതല്‍ ഏഴ് അടി വരെ ഉയരത്തിലെത്തും. രാജ്യത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങള്‍ മേഘാവൃതമായിരിക്കും. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ദിവസം രാവിലെ റാസ് അല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ, ദുബൈയിലെ മുറാഖാബാദ്, ദിബ്ബ, തവീന്‍, ഫുജൈറ എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചിരുന്നു.
ദുബൈ-അല്‍ ഐന്‍, ദുബൈ-അബുദാബി എന്നീ റോഡുകളിലും നേരിയ തോതില്‍ മഴ ലഭിച്ചിരുന്നു. യു എ ഇയിലെ ഏറ്റവും ഉയര്‍ന്ന മല നിരകളായ റാസ് അല്‍ ഖൈമയിലെ ജബല്‍ ജൈസില്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. വരും ദിനങ്ങളിലും തണുത്ത കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്.