Connect with us

Editorial

ഹർത്താലിൽ നിലപാട് കടുപ്പിച്ച് കോടതി

Published

|

Last Updated

മിന്നൽ ഹർത്താൽ നടത്തരുതെന്ന ജുഡീഷ്യൽ ഉത്തരവ് ലംഘിച്ച് സംസ്ഥാനത്ത് മിന്നൽ ഹർത്താൽ തുടരുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഹൈക്കോടതി. കാസർക്കോട് പെരിയ ഇരട്ടക്കൊലപാതകത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നടത്തിയ മിന്നൽ ഹർത്താലിനോടനുബന്ധിച്ചുള്ള എല്ലാ കേസുകളിലും നേതാക്കളെ പ്രതികളാക്കണമെന്നാണ് കോടതിയുടെ ഉത്തരവ.് ഇതനുസരിച്ച് ഹർത്താലിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ട 189 കേസുകളിലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസും കാസർകോട് ജില്ലയിലെ അക്രമങ്ങളിൽ ജില്ലാ യു ഡി എഫ് നേതൃത്വവും പ്രതിക്കൂട്ടിലാകും. സംസ്ഥാനതലത്തിൽ ഡീൻ കുര്യാക്കോസും കാസർക്കോട്ട് ജില്ലാ യു ഡി എഫ് നേതൃത്വവുമായിരുന്നു ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
ജനുവരി മൂന്നിലെ ശബരിമല ഹർത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കർമസമിതിയുടെ നേതാക്കൾക്കെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടു. ഇവയിലുണ്ടായ നഷ്ടങ്ങൾ സമരാഹ്വാനം ചെയ്ത ശബരിമല കർമസമിതി, ബി ജെ പി നേതാക്കളിൽ നിന്ന് ഈടാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്. ടി പി സെൻകുമാർ, കെ എസ് രാധാകൃഷ്ണൻ എന്നിവരാണ് കർമസമിതി ഭാരവാഹികൾ. മാതാ അമൃതാനന്ദമയി, കാഞ്ചി ശങ്കരാചാര്യർ വിജയേന്ദ്ര സരസ്വതി, കൊളത്തൂർ മഠാധിപതി ചിദാനന്ദപുരി, പന്തളം കൊട്ടാരം പ്രതിനിധി പി ശശികുമാർ വർമ തുടങ്ങിയവർ രക്ഷാധികാരികളുമാണ്. യൂത്ത് കോൺഗ്രസ് ഹർത്താലിൽ കെ എസ് ആർ ടി സിക്ക് മാത്രം 1.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ അക്രമസംഭവങ്ങളിലായി 189 കേസെടുക്കുകയും 4,430 പേർ പ്രതികളാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ശബരിമല ഹർത്താലുകളിൽ കെ എസ് ആർ ടി സിക്ക് മൂന്ന് കോടിയിലേറെ നഷ്ടം സംഭവിച്ചു. സമരക്കാർ 38.52 ലക്ഷം രൂപയുടെ പൊതുമുതലും ഒരു കോടിയിലേറെ രൂപയുടെ സ്വകാര്യ സ്വത്തുക്കളും നശിപ്പിച്ചു. അക്രമ സംഭവങ്ങളിൽ 150 പോലീസുകാർക്കും 141 സാധാരണക്കാർക്കും 11 ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായും സർക്കാർ കോടതിയെ അറിയിച്ചു.

ഹർത്താലുകൾ നിയന്ത്രിക്കാൻ നിയമനിർമാണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ജനുവരി ഏഴിനുണ്ടായ ഇടക്കാല ഉത്തരവിലാണ് മിന്നൽ ഹർത്താലിന് ഹൈക്കോടതി വിലക്ക് പ്രഖ്യാപിച്ചത്. ഹർത്താൽ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഏഴ് ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകണമെന്നാണ് ഉത്തരവ്. ഈ ദിവസത്തിനകം സഞ്ചാരസ്വാതന്ത്യമുൾപ്പെടെ ജനങ്ങളുടെ മൗലികാവകാശവും സമാധാന ജീവിതവും ഉറപ്പ് വരുത്തുന്നതിനു വേണ്ട ക്രമീകരണം നടത്താൻ സർക്കാറിന് സാധ്യമാകുമെന്ന നിരീക്ഷണത്തിലാണ് കോടതി ഈ സമയ പരിധി വെച്ചത്. ഹർത്താലിൽ ഉണ്ടാകുന്ന നാശനഷ്ടത്തിന്റെ ഉത്തരവാദിത്വം ആഹ്വാനം ചെയ്യുന്നവർക്കാണെന്നും അതവരിൽ നിന്നു തന്നെ ഈടാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നിട്ടും സംസ്ഥാനത്ത് മിന്നൽ ഹർത്താൽ തുടരുകയാണ്. നിയമവും നീതിയും നടപ്പാക്കാൻ ബാധ്യതപ്പെട്ട രാഷ്ട്രീയ നേതാക്കൾ തന്നെ കോടതി വിധിക്ക് തെല്ലും വില കൽപ്പിക്കുന്നില്ല.
പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗമാണ് ഹർത്താലെന്ന് ന്യായീകരിക്കുന്നവരുണ്ട്. ഹർത്താലിന് ആഹ്വാനം നൽകിയ ശേഷം അതിനോട് യോജിക്കാനും വിയോജിക്കാനുമുള്ള പൂർണ സ്വാതന്ത്ര്യം പൗരന്മാർക്ക് നൽകുകയാണെങ്കിൽ അതംഗീകരിക്കാവുന്നതാണ്. എന്നാൽ നിർബന്ധിതമായി കടകളടപ്പിക്കുകയും സഞ്ചാര സ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന അക്രമ സമരം അംഗീകൃത പ്രതിഷേധത്തിന്റെ പരിധിക്ക് പുറത്താണ്. ജനാധിപത്യം അടിസ്ഥാന ശിലയായി അംഗീകരിക്കപ്പെട്ട ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിന് ഇതൊട്ടും അനുയോജ്യമല്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും തൊഴിൽ സംഘടനകളും മറ്റും ഹർത്താൽ ഉപേക്ഷിക്കണമെന്നും ഇല്ലെങ്കിൽ അതിനെ ചെറുത്തു തോൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മകൾ രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. മിന്നൽ ഹർത്താലാണെങ്കിലും ദിവസങ്ങൾക്ക് മുമ്പേ നോട്ടീസ് നൽകി നടത്തുന്ന ഹർത്താലാണെങ്കിലും അത് ജനങ്ങളുടെ മൗലികാവകാശങ്ങൾ ഹനിക്കുന്ന തരത്തിലാകരുത്. സമരത്തിന്റെ പേരിൽ പൊതു, സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നത് ഏതു സാഹചര്യത്തിലും അംഗീകരിക്കാവുന്നതല്ല.

ഹർത്താലിന്റെ കാര്യത്തിൽ കോടതി പിന്നെയും നിലപാട് കടുപ്പിച്ചത് ഇതുകൊണ്ടെല്ലാമാണ്. ഹർത്താലിലുണ്ടാകുന്ന നാശനഷ്ടങ്ങൾ സമരത്തിനാഹ്വാനം ചെയ്ത സംഘടനകളിൽ നിന്ന് ഈടാക്കണമെന്ന പരാമർശം മുമ്പും കോടതികളിൽ നിന്നുണ്ടായിട്ടുണ്ടെങ്കിലും സർക്കാറോ കോടതിയോ ഇതുവരെയും പ്രയോഗത്തിൽ വരുത്തിയിട്ടില്ല. ഹർത്താൽ പ്രഖ്യാപിക്കുന്ന നേതാക്കൾ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുമില്ല. നഷ്ടം നേതാക്കളിൽ നിന്ന് ഈടാക്കാനുള്ള ആദ്യ ചുവടുവെപ്പാണിപ്പോൾ ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടുള്ളത്. ഇത് നടപ്പായിക്കഴിഞ്ഞാൽ സമരത്തിന്റെ മറവിൽ അഴിഞ്ഞാടുന്ന അണികളെ നിയന്ത്രിക്കാൻ നേതാക്കൾ ശക്തമായി ഇടപെടുകയും സംസ്ഥാനത്ത് വർധിച്ചു വരുന്ന ഹർത്താലും അതോടനുബന്ധിച്ച് അരങ്ങേറുന്ന അക്രമ സംഭവങ്ങളും ഗണ്യമായി കുറയുമെന്നതിൽ സംശയമില്ല. നിയമം മുഖേന ഹർത്താൽ നിരോധിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്നാണ് അനുഭവങ്ങൾ വിളിച്ചോതുന്നത്. ബന്ദ് എന്നായിരുന്നു നേരത്തേ ഈ സമരത്തിന്റെ പേര്. ജനവികാരം മാനിച്ച് കോടതി അതു നിരോധിച്ചപ്പോഴാണ് ഹർത്താൽ എന്ന പേരിൽ പുനർജനിച്ചത്. ഇനി ഹർത്താൽ നിരോധിച്ചാൽ പൊതുപണിമുടക്കെന്ന പേരിലോ നിസ്സഹകരണമെന്ന പേരിലോ തുടരാനാണ് സാധ്യത.