സുഹൃത്തിനെ കുത്തിപരുക്കേല്‍പിച്ചു; 10 വര്‍ഷം തടവ്‌

Posted on: February 23, 2019 8:19 pm | Last updated: February 23, 2019 at 8:19 pm

അജ്മാന്‍: ഒപ്പം താമസിച്ച സുഹൃത്തിനെ തര്‍ക്കത്തിനിടെ കുത്തിപരിക്കേല്‍പ്പിച്ച പ്രവാസിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ. അജ്മാന്‍ ക്രിമിനല്‍ കോടതിയാണ് പ്രതിക്കെതിരെ വധശ്രമത്തിന് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.
അല്‍ ജുര്‍ഫ് വ്യവസായ കേന്ദ്രത്തിലാണ് സംഭവം. തൊഴിലാളി താമസകേന്ദ്രത്തില്‍ ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും തമ്മില്‍ ചില വിഷയങ്ങളുടെ പേരില്‍ തര്‍ക്കമായി.

ഒടുവില്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് സുഹൃത്തിനെ കുത്താന്‍ ശ്രമിച്ചു. ഇവരുടെ സൂപ്പര്‍വൈസറും മറ്റ് സുഹൃത്തുക്കളും ചേര്‍ന്നാണ് പിടിച്ചുമാറ്റിയത്. എന്നാല്‍ രാത്രി മദ്യപിച്ചെത്തിയ ഇരുവരും തമ്മില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. ഇതോടെ പ്രതി കത്തിയെടുത്ത് നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മറ്റ് സുഹൃത്തുക്കള്‍ ഇടപെട്ടതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.