കടലുണ്ടിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു; അമ്പതോളം പേര്‍ക്ക് പരുക്ക്

Posted on: February 23, 2019 9:45 am | Last updated: February 23, 2019 at 9:45 am

ഫറോക്ക്: ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു നിരവധി പേര്‍ക്ക് പരുക്ക്.സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് താത്കാലിക ഗ്യാലറി തകര്‍ന്നു വീണത്. നട്ടെല്ലിനും കാലിലും തുടയിലുമാണ് പരുക്കേറ്റവരില്‍ അധികവും. അമ്പതോളം പേര്‍ക്ക് പരുക്കേറ്റതായാണ് പ്രാഥമിക കണക്ക്. കടലുണ്ടി ഗ്രാമപ്പഞ്ചായത്തിന്റെ കടലുണ്ടി ഇടച്ചിറ റോഡില്‍ വില്ലേജ് ഓഫീസിന് സമീപത്തെ സന്ധ്യാ മിനി സ്‌റ്റേഡിയത്തില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ടീം കടലുണ്ടി സംഘടിപ്പിച്ച സെവന്‍സ് ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് കിഴക്കു വശത്തെ ഗ്യാലറി തകര്‍ന്നു വീഴുകയായിരുന്നു.

പരുക്കേറ്റവരെ കോട്ടക്കടവ് ടി എം എച്ച്, അല്‍ ഷിഫ തുടങ്ങിയ സമീപപ്രദേശത്തെ സ്വകാര്യ ആശുപത്രികളിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലരുടെ പരുക്ക് ഗുരുതരമാണ്. രാത്രി ഏറെ വൈകിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
വലിയ ആള്‍ക്കുട്ടം കളികാണാന്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ഡയമണ്ട് പരപ്പനങ്ങാടിയും റോയല്‍ പറമ്പില്‍ പീടികയും തമ്മില്‍ കളി നടന്നുകൊണ്ടിരിക്കെ, താത്കാലിക ഗ്യാലറി ഒരു ഭാഗത്തേക്ക് അമരുകയായിരുന്നു. തകര്‍ന്ന ഗ്യാലറിയില്‍ അഞ്ഞുറിലധികം ആളുകള്‍ ഉണ്ടായിരുന്നതായും നിശ്ചിത സീറ്റുകള്‍ നിറഞ്ഞതിന് ശേഷവും ആളുകളെ ഗ്യാലറിയിലേക്ക് കടത്തിവിട്ടതായും ദൃക്‌സാക്ഷകള്‍ പറഞ്ഞു. വി കെ സി മമ്മത് കോയ എം എല്‍ എ, എം കെ രാഘവന്‍ എം പി, ഫറോക്ക് നഗരസഭ ചെയര്‍പെഴ്‌സണ്‍ കമറു ലൈല, കടലുണ്ടി പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി.

മീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ടീം, നല്ലളം, ഫറോക്ക് സ്‌റ്റേഷനുകളിലെ പോലീസ് സംഘം ,വിവിധ സന്നദ്ധ സംഘടനകളുടെ ആംബുലന്‍സുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അപകടസ്ഥലത്തെത്തിയിരുന്നു.
തോട്ടയില്‍ ബാബു (60), നാരായണന്‍ (62), ഷഫീഖ് (24), ഹാഷിം (30), ആദി ശിഫ (ആറ്), ആദിനാസ് ( 8 ), അജ്‌നാസ് ബാവ (25), സജീഷ് (33), ബൈജു (43), അംഭരിഷ് (25), ആദര്‍ഷ് (15), ജിതേഷ് (39), ആസിഫ് സജീര്‍ (17), ഫാരിസ് (19), റോഷന്‍ (16), ബാദുഷ (22), നൗഫല്‍ (19), ബബീഷ് (21), ജംഷീര്‍ (26), പ്രതീപ് (42), ഷിഹാബ് (39), സുഹൈബ് (37), ഷരീഫ് (30), ശാനവാസ് ( 31), അബൂബക്കര്‍ സിദ്ദീഖ് (34), കടലുണ്ടി മരുകല്ലിങ്ങല്‍ സ്വദേശികളായ അജീഷ് (28), പട്ടയില്‍ ബിജു (30), ജിത്തു (30) കോട്ടക്കടവ്, അത്താണിക്കല്‍ ,മണ്ണൂര്‍ സ്വദേശികളായ നന്ദു (25), സജിത്ത് (25), സിറാജ് (23), കാര്‍ത്തിക് (8), മാധവന്‍ (73), ഇര്‍ഷാദ് (29), അസ്‌ലം (23), ആദില്‍ (20), സുഹാദ് (26), പ്രദീപ് (41), ഫൈജാസ് (30), അശ്‌റഫ് (29), ഉപേന്ദ്രന്‍ (51), നാജിഷ് (22), അജ്മല്‍ (23), ഷവാന്‍ (24), അല്‍സിഫ് (24), ഷാജി (37), നവാസ് (27) പ്രേംലാല്‍ (34), ദീപക് (24) തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്.