Connect with us

National

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ശ്രമിക്കും: ഹരീഷ് റാവത്ത്

Published

|

Last Updated

ഡെഹ്‌റാഡൂണ്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ശ്രമിക്കുമെന്ന പ്രഖ്യാപനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. രാമക്ഷേത്രം നിര്‍മിക്കുന്നതിന് കഴിഞ്ഞ കാലത്തും ഗൗരവതരമായ നടപടികള്‍ സ്വീകരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ഇവിടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അയോധ്യ സംബന്ധിച്ച എന്റെ നേരത്തെയുള്ള പ്രസ്താവന പൊതു സമൂഹത്തിനു മുമ്പാകെയുണ്ട്. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ക്ഷേത്ര നിര്‍മാണത്തിനു ശ്രമിക്കും. എന്റെ നിലപാട് പാര്‍ട്ടിയുടെ നിലപാടായി തന്നെ പരിഗണിക്കാമെന്നും റാവത്ത് പറഞ്ഞു.

രണ്ടു തവണ അധികാരത്തില്‍ വന്നപ്പോഴും അയോധ്യയില്‍ രാമക്ഷേത്രം പ്രാവര്‍ത്തികമാക്കുന്നതിന് കോണ്‍ഗ്രസാണ് സജീവ ശ്രമം നടത്തിയതെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി ഒരു കൂടിക്കാഴ്ചയില്‍ തന്നോട് പറഞ്ഞിരുന്നുവെന്നും റാവത്ത് വെളിപ്പെടുത്തി. വിഷയത്തില്‍ ബി ജെ പി രാഷ്ട്രീയം കളിക്കുകയാണ്. ക്ഷേത്ര നിര്‍മാണം സുഗമമാക്കുന്നതിനുള്ള ഇടപെടലാണ് കോണ്‍ഗ്രസ് നടത്തുക.

ദേശസ്‌നേഹി എന്ന പദവി മോദിക്കു മാത്രമാണ് ബി ജെ പി നല്‍കുന്നത്. എന്നാല്‍, രാജ്യത്തെ ഓരോ പൗരനും ദേശസ്‌നേഹിയാണെന്ന് അവര്‍ മനസ്സിലാക്കണം. കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

---- facebook comment plugin here -----

Latest