സംസ്ഥാന സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ റെയില്‍വേ നീക്കി; എം പി കുത്തിയിരുന്ന് പ്രതിഷേധിച്ചു

Posted on: February 22, 2019 7:51 pm | Last updated: February 22, 2019 at 8:35 pm

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്ത നടപടിക്കെതിരെ സമ്പത്ത് എം പിയുടെയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെയും പ്രതിഷേധം. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ ഡയറക്ടറുടെ കാബിനു മുന്നില്‍ കുത്തിയിരുന്നാണ് ഇരുവരും പ്രതിഷേധമറിയിച്ചത്.

സ്വകാര്യ പരസ്യ കമ്പനിയാണ് സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. കമ്പനി റെയില്‍വേക്കു നല്‍കാനുള്ള തുക കുടിശ്ശികയായതിനാല്‍ ഇവര്‍ സ്ഥാപിച്ച ബോര്‍ഡുകളെല്ലാം നീക്കം ചെയ്യാന്‍ റെയില്‍വേ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകളില്‍ ചിലത് നീക്കുകയും മറ്റു ചിലത് മറയ്ക്കുകയും ചെയ്തതെന്നാണ് റെയില്‍വേ പറയുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന് റെയില്‍വേ തീരുമാനമെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് നിലപാട് മാറ്റിപ്പറയുകയായിരുന്നു.

അതിനിടെ, വിവരങ്ങള്‍ അന്വേഷിക്കാനെത്തിയ എം പിയോട് പ്രോട്ടോക്കോള്‍ ലംഘിച്ച് റെയില്‍വേ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ മോശമായി പെരുമാറിയെന്നും ആരോപണമുയര്‍ന്നു. അനുകൂല നിലപാടുണ്ടാകുന്നതു വരെ കുത്തിയിരിപ്പു തുടരുമെന്ന് സമ്പത്ത് എം പി അറിയിച്ചു. റെയില്‍വേ അധികൃതരെ രൂക്ഷമായി വിമര്‍ശിച്ച എം പി, തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ ആയിരുന്നുവെങ്കില്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നു ചോദിച്ചു.

പി ആര്‍ ഡി നല്‍കിയ പരസ്യമാണ് സ്റ്റേഷനില്‍ സ്ഥാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കാണുന്നതും കേരളം ഒന്നായി നില്‍ക്കുന്നതും ഇഷ്ടമില്ലാത്തവരുണ്ട്. രാഷ്ട്രീയ താത്പര്യത്തോടെയാണ് റെയില്‍വെ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും എം പി കൂട്ടിച്ചേര്‍ത്തു.