കാസര്‍കോട് ഇരട്ടകൊലപാതകം ഹീനം, കുറ്റവാളികള്‍ രക്ഷപ്പെടില്ല: മുഖ്യമന്ത്രി

Posted on: February 22, 2019 12:48 pm | Last updated: February 22, 2019 at 8:16 pm

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും അതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനച്ചടങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകം സിപിഎമ്മിനേയും ഇടതുമുന്നണിയേയും ജനങ്ങള്‍ക്കുമുന്നില്‍ അപകീര്‍ത്തിപ്പെടുത്തി. വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ച ചിലരാണ് ഇതിന് അവസരമുണ്ടാക്കിയത്. ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത ഹീനപ്രവൃത്തിയാണ് അവര്‍ ചെയ്തത്. അത്തരക്കാര്‍ക്ക് സിപിഎമ്മിന്റെ ഒരു പരിരക്ഷയും ഉണ്ടാവില്ല.

അതുകൊണ്ട് തന്നെയാണ് കൊലപാതകം നടന്ന ഉടന്‍ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അതിനെ തള്ളിപ്പറഞ്ഞത്. സിപിഎം എങ്ങനെ ഇത്തരം സംഭവങ്ങളെ കാണുന്നു എന്നതിന് തെളിവാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. നിയമം നിയമത്തിന്റെ വഴിക്കുപോകും. ഒരു പക്ഷഭേദവും ഉണ്ടാവില്ല. ഇരട്ടക്കൊലയ്ക്കുശേഷം കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമങ്ങളിലും ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.