പുല്‍വാമ ഭീകരാക്രമണം: വാര്‍ത്തയറിഞ്ഞ മോദി ജലപാനം പോലും നടത്തിയില്ലെന്ന് റിപ്പോര്‍ട്ട്

Posted on: February 22, 2019 12:25 pm | Last updated: February 22, 2019 at 3:54 pm

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടന്ന് രാജ്യം തരിച്ചിരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷൂട്ടിംഗ് തിരക്കിലായിരുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ തള്ളി സര്‍ക്കാര്‍ വൃത്തങ്ങള്‍. മോശം കാലാവസ്ഥയും നെറ്റ്‌വര്‍ക്കിലെ തടസ്സവും മൂലം ആക്രമണം സംബന്ധിച്ച വാര്‍ത്ത പ്രധാനമന്ത്രിക്ക് വൈകിയാണ് ലഭിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

25 മിനുട്ടോളം വൈകിയാണ് പ്രധാനമന്ത്രി ആക്രമണത്തെക്കുറിച്ച് അറിഞ്ഞത്. ഉടന്‍ തന്നെ ഡല്‍ഹിയിലേക്ക് തിരിക്കാന്‍ ശ്രമം നടത്തിയെങ്കിലും മോശം കാലാവസ്ഥ ആയതിനാല്‍ ഹെലികോപ്റ്റര്‍ യാത്ര നടത്താന്‍ കഴിഞ്ഞില്ല. അതിനാല്‍, രാത്രി വൈകിയാണ് അദ്ദേഹത്തിന് ഡല്‍ഹിയിലെത്താന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉച്ചക്ക് ശേഷം 3.10 നാണ് ഭീകരാക്രമണം നടന്നത്. എന്നാല്‍ പ്രധാനമന്ത്രിക്ക് അതേപ്പറ്റി വിവരങ്ങള്‍ ലഭിച്ചത് 3.35നായിരുന്നു. വൈകിട്ട് രുദ്രാപുരിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനിരുന്ന പ്രധാനമന്ത്രി സംഭവം അറിഞ്ഞതിന് പിന്നാലെ അത് റദ്ദാക്കുകയും ഉടന്‍ തന്നെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ തയ്യാറായെങ്കിലും നടന്നില്ല. ഈ സമയമത്രയും പ്രധാനമന്ത്രി ജലപാനം പോലും നടത്തിയിട്ടില്ലെന്നും വിവരങ്ങള്‍ അറിയിക്കാന്‍ വൈകിയതില്‍ മോദി ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടുവെന്നും അധികൃതര്‍ വ്യക്തമാക്കി.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് അദ്ദേഹം റോഡ് മാര്‍ഗം ഉത്തര്‍പ്രദേശിലെ ബറൈലിയിലെത്തുകയും അവിടെ നിന്നാണ് ഡല്‍ഹിയിലേക്ക് തിരിച്ചതെന്നും അധികൃതര്‍ പറയുന്നു. ഭീകരാക്രമണത്തേപ്പറ്റി പ്രധാനമന്ത്രിക്ക് വിവരങ്ങള്‍ നല്‍കാന്‍ വൈകിയതില്‍ അജിത് ഡോവല്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ ജവാന്മാരൂടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ രാജ്യം ദുഖിച്ചിരിക്കുമ്പോള്‍ ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണര്‍ പാര്‍ക്കില്‍ ഡോക്യുമെന്ററി ചിത്രീകരണത്തിലായിരുന്നു പ്രധാനമന്ത്രിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. മോദിയുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളുമായി എഐസിസി മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ആരോപണമുന്നയിച്ചത്. ആക്രമണ വിവരം അറിഞ്ഞിട്ടും മണിക്കൂറുകളോളം അദ്ദേഹം ഷൂട്ടിംഗ് തുടര്‍ന്നുവെന്നും ഇതെ തുടര്‍ന്ന് പ്രധാനമന്ത്രി എത്തിച്ചേരാനായി വളരെ നേരം മൃതദേഹം എയര്‍പോര്‍ട്ടില്‍ വെക്കേണ്ടി വന്നതായും അദ്ദേഹം ആരോപിച്ചു. പിന്നാലെ, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിരുന്നു.