മധു, ആഘോഷിക്കപ്പെടാത്ത ഒന്നാം വധ ദിനം

ഒരു വർഷത്തിനിടയിൽ നാം മധുവിനെ മറന്നു. കേരളത്തിന് അനുദിനം ഓർക്കാൻ ഓരോ പുതിയ വിഷയങ്ങൾ ഉണ്ടാകുമ്പോൾ അത് സ്വാഭാവികം. എന്നാൽ മധുവിനെ അടിച്ചു കൊല്ലാൻ ഉണ്ടായ കാരണങ്ങൾ മറക്കാൻ കഴിയില്ല. അത് പരിഹരിക്കേണ്ടത് ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ ആവശ്യകതയാണ്. ഭൂമിയില്ലാതെ, കിടപ്പാടമില്ലാതെ, വിദ്യാഭ്യാസമില്ലാതെ ഒരു വിഭാഗം ഇപ്പോഴും പരിഷ്‌കൃത ലോകത്തിന്റെ ഭാഗമാകാൻ കഴിയാതെ വനാന്തരങ്ങളിൽ ജീവിക്കുന്നുണ്ട്. അവർക്ക് അവിടെ ജീവിക്കാനാണ് സൗകര്യമെങ്കിൽ അതിനുവേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കി കൊടുക്കാൻ ഭരണകൂടങ്ങൾക്ക് കഴിയേണ്ടതാണ്. ഇല്ലാതെ വരുമ്പോഴാണ് അവർ കാട്ടിൽനിന്നും നാട്ടിലേക്ക് പുതിയ വഴികൾ തേടുന്നത്. അവിടെ മധുവിനെ അപരിഷ്‌കൃതനായി 'പ്രബുദ്ധ' കേരളത്തിന് തോന്നിയേക്കാം.?
Posted on: February 22, 2019 10:55 am | Last updated: February 22, 2019 at 12:57 pm

അട്ടപ്പാടിയിലെ ആദിവാസി സഹോദരനായ മധുവിനെ പ്രബുദ്ധ കേരളം അടിച്ചു കൊന്നിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലായിരുന്നു 27 വയസ്സായ മധുവിന്റെ ജീവിതം. 34 വയസ്സിന് താഴെയുള്ള 16 യുവാക്കളാണ് മധുവിനെ കൊന്ന കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർ വിവരവും വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും അനുഭവിച്ച് വളർന്നവരാണ്. അതായത് “പ്രബുദ്ധ’ കേരളത്തിന്റെ ദൈനംദിന സാമൂഹ്യ വ്യവഹാരങ്ങളിലും രാഷ്ട്രീയ ഇടപെടലുകളിലും നേരിട്ട് ബന്ധം പുലർത്തുന്നവർ. ഇവർക്ക് എന്തു കൊണ്ട് മധുവിനെ മനുഷ്യനായി കാണാൻ കഴിയാതെപ്പോയി എന്നാണ് ആൾക്കൂട്ട വധത്തിന്റെ കേരളീയ രീതിയോട് ചിലരെങ്കിലും ഇപ്പോഴും ചോദിക്കുന്നത്.
മധുവില്ലാത്ത കേരളത്തിന് ഒന്നും സംഭവിക്കില്ല. പക്ഷേ, മധു പ്രതിനിധാനം ചെയ്യുന്ന ആദിവാസി വിഭാഗത്തിന് മധുവിന്റെ ആൾക്കൂട്ട വധം ഇപ്പോഴും പേടിപ്പിക്കുന്ന സംഭവമാണ്. കാരണം, ഭൂമിയുടെ യഥാർഥ അവകാശികൾ ഇപ്പോഴും ഭൂരഹിതരായി കഴിയുമ്പോൾ അവരിൽ വിശന്നു തളർന്ന മധുവിനെ അവർ കാണുന്നു. വിശപ്പിന്റെ ഒടുക്കത്തെ ആർത്തിയിൽ ഒരു കൈ അന്യന്റെ മുതലിൽ ചെന്നു വീഴുമോ എന്നവർ ഭയക്കുന്നു. അങ്ങനെ സംഭവിച്ചാൽ വീണ്ടും മറ്റൊരു മധു ആൾക്കൂട്ട വധത്തിന്റെ ഇരയായി തീരാൻ സാധ്യതയുണ്ട്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ചിന്തിക്കാനുള്ള ഒരവസരം കൂടിയാണ് മധുവിന്റെ ഓർമ ദിനം.

മധുവിനെ അടിച്ചു കൊന്നവർ ആരോപിച്ച പ്രധാന കാരണം അയാൾ അരി മോഷ്ടിച്ചു എന്നതായിരുന്നു. എന്തു കൊണ്ട് മോഷ്ടിക്കേണ്ടി വന്നു എന്ന് അന്നും ഇന്നും എത്ര പേർ ചിന്തിക്കുന്നുണ്ട്? അവിടെയാണ് “പ്രബുദ്ധ’ കേരളത്തിന്റെ മനസ്സ് അധികാര വർഗത്തിനൊപ്പമാണ് എന്ന് തിരിച്ചറിയേണ്ടത്. അതിന്റെ വ്യക്തമായ തെളിവായിരുന്നു 2003ൽ നടന്ന മുത്തങ്ങ സമരം. അന്ന് മുഖ്യമന്ത്രി ആന്റണിയായിരുന്നു. എന്നിട്ടും സി പി എം ഉൾപ്പെടെയുള്ള പാർട്ടികൾ ആദിവാസി ഗോത്ര സഭയുടെ സമരത്തിന് എതിരായിരുന്നു. 2001ൽ സംസ്ഥാന സർക്കാറും ഉദ്യോഗസ്ഥരും അംഗീകരിച്ച കരാർ നടപ്പാക്കുന്നതിൽ വരുത്തിയ വഞ്ചനയാണ് മുത്തങ്ങ സമരത്തിലേക്ക് നയിച്ചത്. ജീവിക്കാനും കൃഷി ചെയ്യാനുമുള്ള ഭൂമിക്ക് വേണ്ടിയുള്ള ആ സമരത്തെ തകർക്കാൻ പല തരം വാദങ്ങൾ ഉയർന്നു വന്നു. പരിസ്ഥിതിവാദവും, സമരത്തിലെ തീവ്രവാദ ബന്ധങ്ങളും അതിന്റെ ഭാഗമായിരുന്നു. അങ്ങനെ ഭൂമിയുടെ സ്വന്തം അവകാശികളെ ഭരണകൂടവും അതിന്റെ പ്രായോജകരും പുറമ്പോക്കിലേക്ക് തള്ളിവിട്ടു. 2016ലെ വനം വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിലെ മൊത്തം വനത്തിന്റെ 1.99 ശതമാനം മാത്രമാണ് ഗോത്ര വിഭാഗങ്ങളുടെ കൈയിലുള്ളത് എന്നുകൂടി ഓർക്കേണ്ടതുണ്ട്. കാരണം, മുത്തങ്ങ സമരത്തിനെതിരെ പ്രധാനമായും ഉയർത്തിയത് വനം കൈയേറ്റത്തിന്റെ പ്രശ്‌നമാണ്. അത്തരമൊരു വനാതിർത്തിയിൽ നിന്നാണ് വിശന്നിട്ട് മധു നാട്ടിലേക്ക് ഇറങ്ങിയത്.
മധുവിനെ അടിച്ചു കൊന്നപ്പോൾ ബോധ്യമായ ഒട്ടനവധി കാര്യങ്ങളുണ്ട്. പ്രത്യേകിച്ചും കേരളത്തിന്റെ സവിശേഷ സാമൂഹ്യാവസ്ഥയിൽ. ഒന്നാമതായി ഏതൊരു മനുഷ്യനും മറ്റൊരു മനുഷ്യനെ മനുഷ്യനായി പരിഗണിക്കാൻ കഴിയാത്തതിന്റെ ഫലമാണ് മധുവിനെ അടിച്ചു കൊല്ലാൻ കാരണമായത്. ഇവിടെ മധു ഒരു അടയാളമാണ്. ലോകത്തിലാകെ ചിതറിക്കിടക്കുന്ന പുറമ്പോക്ക് ജീവിതത്തിന്റെ പ്രതിനിധിയായിരുന്നു മധു. അത്തരക്കാർക്ക് മുഖ്യധാരാ ജീവിതത്തിൽ കാണുന്ന വർഗ താത്പര്യങ്ങളോ, രാഷ്ട്രീയ ആധിപത്യമുള്ള സാമുദായിക താത്പര്യങ്ങളോ ഇല്ല. അവർക്ക് തങ്ങൾ അനുഭവിക്കുന്ന പല വിധത്തിലുള്ള അവഗണനകൾക്കും എതിരെ സംഘടിത ശക്തിയായി മാറാൻ കഴിയില്ല. ഇനി കഴിഞ്ഞാൽ തന്നെ ഭരണകൂട ഉപകരണങ്ങൾ അവരെ ക്രൂരമായി അടിച്ചമർത്തും. മുത്തങ്ങയിലും, ചെങ്ങറയിലും, അരിപ്പയിലും നാം അത് കണ്ടതാണ്. ആദിവാസി, ദളിത് വിഭാഗങ്ങൾക്ക് എതിരെയുള്ള പ്രതിരോധത്തിന് ആ വിഭാഗത്തിന് പുറത്ത് ശക്തമായ ഐക്യനിര കാണാവുന്നതാണ്. അതിന്റെ തെളിവാണ് മധുവിന്റെ ആൾക്കൂട്ട വധത്തിലും കണ്ടത്. ഒരു മനുഷ്യൻ എന്ന പരിഗണനയിൽ മാത്രം ഇരയായ മധുവിന് നേരെയുള്ള അക്രമണത്തെ കൂടി നിന്നവരിൽ നിന്നും ഒരാൾക്ക് എങ്കിലും പ്രതിരോധിക്കാമായിരുന്നു. അത് ഉണ്ടാകാതെ പോയതിനു കാരണം മധു എന്ന മനുഷ്യന് അധികാര രാഷ്ട്രീയത്തിന്റെയും അതിനെ ബലപ്പെടുത്തുന്ന മറ്റ് സാമൂഹ്യ ഘടകങ്ങളുടെയും പിന്തുണയില്ല എന്നതാണ്. ഇതാകട്ടെ എന്നോ തുടങ്ങിയ അസമത്വങ്ങളുടെ ഫലമായിട്ടുണ്ടായതാണ്. സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളുടെ ഇരയായി മധു മാറുമ്പോൾ മറ്റ് ചിലതുകൂടി നമുക്ക് ബോധ്യപ്പെടുന്നുണ്ട്.

മധുവിന്റെ വധത്തിന് സമാനമായ സംഭവം കേരളത്തിന് പുറത്താണ് സംഭവിക്കുന്നതെങ്കിൽ കേരളം അതിനെ നോക്കിക്കാണുക മറ്റൊരു വിധത്തിലാണ്. അവിടത്തെ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിലൂടെയാണ് അതിനെ വിലയിരുത്തുക. ഉത്തരേന്ത്യയിൽ കാണുന്ന ആൾക്കൂട്ട വധത്തിന്റെ ആഴത്തെ അളക്കുമ്പോൾ പലപ്പോഴും ഈ പറഞ്ഞ സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങളെ കൂടി പരിഗണിക്കാറുണ്ട്.
എന്നാൽ കേരളത്തിൽ നടന്ന ഈ സംഭവത്തെ എങ്ങനെയാണ് മേൽസൂചിപ്പിച്ച ഘടകങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ കഴിയുക? ഏറ്റവും വലിയ മാനവികത ഉണ്ടാവുക ആ സമൂഹത്തിലുണ്ടാകുന്ന രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗമായിട്ടായിരിക്കും. അത് കേരളത്തിലുണ്ട് എന്ന് നിരന്തരം പറയുമ്പോഴാണ് മധുവിന് അടി കൊണ്ട് മരിക്കേണ്ടി വന്നത്. അപ്പോൾ കേരളത്തിൽ ഉണ്ടെന്ന് പറയുന്ന “പ്രബുദ്ധത’ അപരനെ അപരനായി നിലനിർത്തികൊണ്ട് തന്റെ ബോധ്യങ്ങളിലേക്ക് മറ്റുള്ളവരെ സ്വാംശീകരിക്കുക എന്നതാണ്. അതിന്റെ തെളിവുകൂടിയാണ് അക്രമികൾക്ക് എല്ലാം വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും രാഷ്ട്രീയ അടയാളങ്ങളും ഉണ്ടായിരുന്നു എന്നത്. അവരുടെ രാഷ്ട്രീയത്തിന്റെ അകത്തേക്ക് എന്തുകൊണ്ട് മധു പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങൾക്ക് ഒരു ഇടമില്ല എന്നുകൂടി പരിശോധിക്കേണ്ടതായിട്ടുണ്ട്.

എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ഭരണഘടനക്ക് കീഴിൽ എന്തുകൊണ്ട് ചില വിഭാഗങ്ങൾ അവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾക്ക് പുറത്തു നിർത്തപ്പെടുന്നു? ഇന്ത്യയിലെയും കേരളത്തിലെയും ആദിവാസി ദളിത് സമൂഹത്തിന്റെ പ്രധാന ചോദ്യം ഇതാണ്. കേരളത്തിലാകട്ടെ ഇടതുപക്ഷത്തിന് വ്യക്തമായ നിലപാടും പാർശ്വവത്കൃത വിഭാഗങ്ങളോട് അനുകമ്പയും ഉണ്ടായിട്ടും എന്തുകൊണ്ട് ആദിവാസി ഗോത്ര വിഭാഗങ്ങൾക്ക് അർഹതപ്പെട്ട ഭൂമി നൽകുന്നില്ല? എന്തുകൊണ്ട് വിദ്യാഭ്യാസമില്ലാതെ, ഭക്ഷണമില്ലാതെ പരാശ്രയത്വത്തിൽ കഴിയേണ്ടിവരുന്നു? ചിന്തിക്കേണ്ട വിഷയങ്ങളാണിത്. ജനാധിപത്യ സമൂഹത്തിൽ രാഷ്ട്രീയമെന്നത് ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളെ കേന്ദ്രീകരിച്ച് നിലനിൽക്കേണ്ടതല്ല. അത് എല്ലാ വിഭാഗം ജനങ്ങൾക്കും അനുഭവിക്കാൻ കഴിയണം.
ഒരു വർഷത്തിനിടയിൽ നാം മധുവിനെ മറന്നു. കേരളത്തിന് അനുദിനം ഓർക്കാൻ ഓരോ പുതിയ വിഷയങ്ങൾ ഉണ്ടാകുമ്പോൾ അത് സ്വാഭാവികം. എന്നാൽ മധുവിനെ അടിച്ചു കൊല്ലാൻ ഉണ്ടായ കാരണങ്ങൾ മറക്കാൻ കഴിയില്ല. അത് പരിഹരിക്കേണ്ടത് ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ ആവശ്യകതയാണ്. ഭൂമിയില്ലാതെ, കിടപ്പാടമില്ലാതെ, വിദ്യാഭ്യാസമില്ലാതെ ഒരു വിഭാഗം ഇപ്പോഴും പരിഷ്‌കൃത ലോകത്തിന്റെ ഭാഗമാകാൻ കഴിയാതെ വനാന്തരങ്ങളിൽ ജീവിക്കുന്നുണ്ട്. അവർക്ക് അവിടെ ജീവിക്കാനാണ് സൗകര്യമെങ്കിൽ അതിനുവേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കി കൊടുക്കാൻ ഭരണകൂടങ്ങൾക്ക് കഴിയേണ്ടതാണ്. ഇല്ലാതെ വരുമ്പോഴാണ് അവർ കാട്ടിൽനിന്നും നാട്ടിലേക്ക് പുതിയ വഴികൾ തേടുന്നത്. അവിടെ മധുവിനെ അപരിഷ്‌കൃതനായി “പ്രബുദ്ധ’ കേരളത്തിന് തോന്നിയേക്കാം. മധുവിനെ ഉൾക്കൊള്ളാൻ കഴിയാത്തവനാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അതിനൊരു കാരണമുണ്ട്. നമ്മളിൽ പലർക്കും ഇപ്പോഴും മനുഷ്യനെ മനുഷ്യനായി കാണാനുള്ള ജ്ഞാനം ഉണ്ടായിട്ടില്ല എന്നതാണത്. അതുകൊണ്ടു തന്നെ ഓരോ കേരളീയന്റെ മനസ്സിലും മധു എപ്പോഴും ഒരു കനലായി കത്തി നിൽക്കുകയാണ്.

ഇ കെ ദിനേശൻ