Connect with us

National

പുല്‍വാമക്കു തിരിച്ചടിയെവിടെ, വാചകമടി കൊണ്ടായില്ല; ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന

Published

|

Last Updated

മുംബൈ: പുല്‍വാമ ഭീകരാക്രമണം നടന്ന് ദിവസങ്ങളായിട്ടും തിരിച്ചടി നല്‍കാത്തതില്‍ ബി ജെ പിയെ കടന്നാക്രമിച്ച് ശിവസേന. തിരിച്ചടിക്ക് ഇതര രാജ്യങ്ങളുടെ സഹായത്തിനു വേണ്ടി കാത്തിരിക്കേണ്ട കാര്യമില്ലെന്ന് സംഘടനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗം പറഞ്ഞു. ഭീകരവാദികള്‍ക്ക് മറുപടി നല്‍കാന്‍ തിരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടി വരുമോയെന്ന പരിഹാസവും മുഖപ്രസംഗത്തിലുണ്ട്.

ഇന്ത്യ-പാക് യുദ്ധമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അത് അവസാനിപ്പിക്കണം. ഭീകരാക്രമണവും സൈനികരുടെ വീരമൃത്യുവും തിരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എങ്ങനെയാണ് ശത്രുക്കളെ നേരിടാന്‍ കഴിയുകയെന്ന് മുഖപ്രസംഗത്തില്‍ ചോദ്യമുന്നയിച്ചിട്ടുണ്ട്.

പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുമെന്ന് വാചകക്കസര്‍ത്തു നടത്തിയതു കൊണ്ടായില്ല. അതു ചെയ്തു കാണിക്കണം. പത്താന്‍കോട്ടിലും ഉറിയിലും പുല്‍വാമയിലുമെല്ലാം ഭീകരാക്രമണങ്ങള്‍ നടന്നിട്ടും താക്കീതുകള്‍ മാത്രം നല്‍കി അടങ്ങിയിരിക്കുകയാണ് നാം ചെയ്യുന്നതെന്നും പത്രം പറഞ്ഞു.