Connect with us

Articles

കര്‍ണാടകയില്‍ തീപാറും

Published

|

Last Updated

കര്‍ണാടകയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുന്‍ കാലങ്ങളില്‍ ബദ്ധവൈരികളായി പോര്‍ക്കളത്തില്‍ അടരാടിയിരുന്ന കോണ്‍ഗ്രസും ജനതാദള്‍ എസും ഇത്തവണ~ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് തന്നെയാണ് കരുതുന്നത്. സീറ്റിനെ ചൊല്ലി ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇരു കൂട്ടര്‍ക്കും ഏറ്റുമുട്ടാന്‍ കഴിയുന്ന സാഹചര്യമല്ല ഉള്ളത്. സംസ്ഥാന ഭരണം കൈയാളുന്ന ഇരുപാര്‍ട്ടികളും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്നത് ബി ജെ പി പാളയത്തില്‍ ഉണ്ടാക്കുന്ന അമ്പരപ്പ് ചെറുതല്ല. സംസ്ഥാന ഭരണം തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ കാവിപ്പട ഒളിഞ്ഞും തെളിഞ്ഞും ശ്രമങ്ങള്‍ നടത്തിവന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. അസ്വാരസ്യങ്ങള്‍ക്കിടയിലൂടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് ദള്‍ സഖ്യ സര്‍ക്കാര്‍ കടന്നു പോയിരുന്ന ഘട്ടത്തിലാണ് മറു ഭാഗത്ത് ബി ജെ പിയും സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമം നടത്തി വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സാര്‍ക്കാറിനെ താഴെ വീഴ്ത്തിയാല്‍ തിരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യുമെന്നായിരുന്നു ബി ജെ പിയുടെ പ്രതീക്ഷ. ഇത് പാളിപ്പോയതിന്റെ നാണക്കേടിലാണ് ഇപ്പോള്‍ യെദ്യൂരപ്പയും കൂട്ടരും.

ഒന്നിച്ചു മത്സരിക്കുന്നത് കരുത്ത് പകരുമെന്നും വലിയ വിജയം സമ്മാനിക്കുമെന്നുമാണ് കോണ്‍ഗ്രസ്, ദള്‍ പാര്‍ട്ടികള്‍ കണക്കുകൂട്ടുന്നത്. സംസ്ഥാനത്ത് താമര വിരിയുന്നത് ഇല്ലാതാക്കാന്‍ രണ്ട് കക്ഷികളും വളരെ കരുതലോടെയാണ് കാര്യങ്ങള്‍ നീക്കുന്നത്. 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റുകളില്‍ പതിനേഴിലും ജയിച്ചുകയറിയത് ബി ജെ പിയായിരുന്നു. കോണ്‍ഗ്രസിന് ഒമ്പതും ദളിന് രണ്ടും സീറ്റാണ് കിട്ടിയത്. അന്ന് കോണ്‍ഗ്രസും ജനതാദളും ഭിന്ന ചേരിയില്‍ നിന്ന് നേരിട്ടതായിരുന്നു ബി ജെ പിക്ക് വലിയ വിജയം ഒരുക്കുന്നതില്‍ പ്രധാന ഘടകമായത്. എന്നാല്‍, കോണ്‍ഗ്രസ്ദള്‍ സഖ്യം വരുന്നതോടെ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന കാര്യത്തില്‍ ബി ജെ പിക്ക് തന്നെ സംശയമില്ലാത്ത സ്ഥിതിയാണ്. പാര്‍ട്ടിയുടെ നെഞ്ചിടിപ്പ് ഏറുന്ന സാഹചര്യമാണ് തുടക്കത്തില്‍ തന്നെ കര്‍ണാടകയില്‍ നിലനില്‍ക്കുന്നത്. വീണ്ടും അധികാരത്തിലെത്താനുള്ള മോദിയുടെ മോഹത്തിന് ഇത് വലിയ തിരിച്ചടിയാകും.

സര്‍ക്കാറിനെ മറിച്ചിടാന്‍ തരം താണ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയ ബി എസ് യെദ്യൂരപ്പക്കെതിരെ ബി ജെ പിയിലെ ഒരുവിഭാഗം നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും ജനരോഷം ശക്തമായിട്ടുണ്ട്. കഴിഞ്ഞ തവണ കുറഞ്ഞ വോട്ടിന് വിജയിച്ച മണ്ഡലങ്ങളിലാണ് ബി ജെ പിക്ക് ആശങ്ക വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ വിവിധ പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട് ശതമാനം പരിശോധിച്ചാല്‍ ആറ് മണ്ഡലങ്ങള്‍ ബി ജെ പിക്ക് നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. കോണ്‍ഗ്രസ് ദള്‍ സഖ്യത്തെ അതിജീവിച്ച് ഈ സീറ്റുകള്‍ നിലനിര്‍ത്താന്‍ ബി ജെ പി കഠിന പ്രയത്‌നം തന്നെ നടത്തേണ്ടി വരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനമാണ് കര്‍ണാടക. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന തുടങ്ങിയ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ചെറിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഉള്ളിടറും.

മൈസൂരു, ദാവന്‍ഗരെ, വിജയപുര, ബീദര്‍, കൊപ്പാള്‍ മണ്ഡലങ്ങളെല്ലാം കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും വോട്ട് വിഹിതം ബി ജെ പിയെ മറികടക്കുന്നതാണ്. കഴിഞ്ഞ തവണത്തെ പോലെ കോണ്‍ഗ്രസ് വിരുദ്ധ വികാരമോ മോദി തരംഗമോ ഇത്തവണ പ്രകടമല്ലാത്തതും സീറ്റ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ബി ജെ പിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. കോണ്‍ഗ്രസ് ദള്‍ സഖ്യത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ചെറിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെങ്കിലും എല്ലാം പരിഹരിക്കപ്പെടുമെന്നാണ് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത്. സങ്കീര്‍ണമായ യാതൊരു പ്രശ്‌നങ്ങളും സഖ്യത്തില്‍ ഇല്ലെന്നും അദ്ദേഹം പറയുന്നു.
മാണ്ഡ്യ സീറ്റില്‍ കോണ്‍ഗ്രസിന് വേണ്ടി നടന്‍ അംബരീഷിന്റെ ഭാര്യ സുമലത മത്സരിക്കുന്നതാണ് ജെ ഡി എസില്‍ എതിര്‍പ്പിനിടയാക്കിയിരിക്കുന്നത്. ജെ ഡി എസ് കൈവശം വെച്ച് വരുന്നതാണ് മാണ്ഡ്യ സീറ്റെന്നും തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണിതെന്നുമാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറയുന്നത്.

വിട്ടുവീഴ്ചയോടെയുള്ള സമീപനം സ്വീകരിക്കാനാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നീക്കം. മാണ്ഡ്യ സീറ്റ് ദളിന് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സന്നദ്ധമാണെന്നിരിക്കെ, പ്രാദേശിക നേതാക്കള്‍ കടുത്ത എതിര്‍പ്പുമായി രംഗത്ത് വന്നതാണ് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നത്. സുമലതയെയോ മകന്‍ അഭിഷേകിനെയോ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. 28 സീറ്റില്‍ 12 എണ്ണം വേണമെന്നാണ് ജനതാദള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ആറില്‍ കൂടുതള്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. 2014 ല്‍ രണ്ട് സീറ്റില്‍ മാത്രമാണ് ജനതാദള്‍ വിജയിച്ചത്. ഇതിനൊപ്പം സിറ്റിംഗ് മണ്ഡലങ്ങളല്ലാത്ത നാല് സീറ്റുകള്‍ കൂടി നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ദള്‍ ആവശ്യപ്പെടുന്നതില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ കോലാറും ചിക്കബെല്ലാപുര ഉള്‍പ്പെടെയുള്ളവയാണ്. ബെംഗളൂരു നോര്‍ത്തില്‍ എച്ച് ഡി ദേവെഗൗഡ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുക എന്നതാണ് ദളിന്റെ തന്ത്രം. കോണ്‍ഗ്രസ് പിന്തുണ ലഭിച്ചാല്‍ മൈസൂരു, മാണ്ഡ്യ, ഹാസന്‍ മണ്ഡലങ്ങളില്‍ ദളിന് വിജയിക്കാനാവും.

ബെംഗളൂരു സൗത്തില്‍ മുന്‍മന്ത്രി രാമലിംഗ റെഡ്ഢിയുടെ പേരിനാണ് മുന്‍ഗണന. ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പ്രകാശ് രാജിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ്, ദള്‍ കക്ഷികളുടെ നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ബെംഗളൂരു നോര്‍ത്തില്‍ ദേവെഗൗഡ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും ദള്‍ കണക്ക് കൂട്ടുന്നു. ദേവെഗൗഡയുടെ സിറ്റിംഗ് മണ്ഡലമായ ഹാസനില്‍ ചെറുമകനായ പ്രജ്വല്‍ രേവണ്ണയെ രംഗത്തിറക്കാനാണ് നീക്കം. എത്രയും പെട്ടെന്ന് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് കോണ്‍ഗ്രസിന്റെയും ദളിന്റെയും ശ്രമം. സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ സ്ഥാനാര്‍ഥി നിര്‍ണയമാകും പിന്നീട് പ്രശ്‌നങ്ങള്‍ക്കിടയാക്കുക. എങ്കിലും തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റിലും വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. നിലവിലുള്ള രാഷ്ട്രീയ കാലാവസ്ഥ തങ്ങള്‍ക്കനുകൂലമാണെന്നും കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നു. സമീപകാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സഖ്യകക്ഷികള്‍ നേടിയത് തിളക്കമാര്‍ന്ന വിജയമാണ്.

തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളില്‍ രണ്ട് നിയസഭാ സീറ്റും രണ്ട് ലോക്‌സഭാ സീറ്റും കോണ്‍ഗ്രസ്‌ജെ ഡി എസ് സഖ്യം നേടി. യെദ്യൂരപ്പയുടെ തട്ടകമായ ശിവമോഗയില്‍ മാത്രമാണ് ബി ജെ പിക്ക് കളം പിടിക്കാന്‍ കഴിഞ്ഞത്. ബി ജെ പിയുടെ സിറ്റിംഗ് സീറ്റായ ബെല്ലാരി രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് നേതാവ് ഉഗ്രപ്പ തിരിച്ചുപിടിച്ചത്. രാമനഗര നിയസഭാ സീറ്റില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ ജെ ഡി എസ് സ്ഥാനാര്‍ഥി അനിതാ കുമാരസ്വാമി 1,09,137 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ജാമഘണ്ടി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ന്യാമഗൗഡ 39,480 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു.

മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ ജെ ഡി എസിലെ എല്‍ ആര്‍ ശിവരാമഗൗഡ രണ്ടര ലക്ഷത്തോളം വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്. 2004ല്‍ നടന്‍ അംബരീഷ് നേടിയ 1,24,438 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ റെക്കോര്‍ഡാണ് ഇവിടെ തകര്‍ന്നടിഞ്ഞത്. ശിവമോഗ ലോക്‌സഭാ സീറ്റില്‍ 47,000 വോട്ടുകള്‍ക്കാണ് ബി ജെ പിയുടെ ആശ്വാസ ജയം. ഇവിടെ ബി ജെ പി നേതാവ് ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്രയാണ് വിജയിച്ചത്. 2014ല്‍ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന യെദ്യൂരപ്പ 3,63,305 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് ശിവമോഗ. ബി ജെ പി മുക്തഭാരതത്തിലേക്ക് നടന്നടുക്കാന്‍ എളുപ്പം സാധിക്കുമെന്നതിനുള്ള ചില നിദര്‍ശനങ്ങളാണ് ഇതെല്ലാം.

രമേശന്‍ പിലിക്കോട്

---- facebook comment plugin here -----

Latest