പാടന്തറയിലെ കല്ല്യാണപന്തലിലേക്ക് പതിനായിരങ്ങളെത്തി; കരുണയുടെ മാതൃകയായി സമൂഹ വിവാഹം

Posted on: February 21, 2019 1:58 pm | Last updated: February 22, 2019 at 10:36 am
പാടന്തറ മര്‍കസില്‍ നടന്ന സമൂഹ വിവാഹത്തിന് സുന്നി ജംഇയ്യത്തുല്‍ ഉലമാ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാര്‍മികത്വം വഹിക്കുന്നു

ഗൂഡല്ലൂര്‍: പാടന്തറയിലെ കല്ല്യാണ പന്തലില്‍ പതിനായിരങ്ങളെത്തി. 400 കുടുംബങ്ങള്‍ക്ക് മാത്രമല്ല, കാരുണ്യത്തിന്റെ കൈനീട്ടവുമായി ഈ സ്വപ്‌ന സാക്ഷാല്‍ക്കാരത്തില്‍ ഒത്തുചേരാനെത്തിയ സഹൃദയര്‍ക്കെല്ലാം ഇന്ന് പാടന്തറ മര്‍കസില്‍ ആനന്ദത്തിന്റെ വിരുന്നൂട്ട്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ നിര്‍ധനരായ യുവതീയുവാക്കള്‍ക്കിന്ന് സന്തോഷത്തിന്റെ വിവാഹ സുദിനം. എസ് വൈഎസ് നീലഗിരി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന് രാവിലെ തന്നെ നിരവധി പേരാണ് പാടന്തറ മര്‍കസിലേക്ക് ഒഴുകിയെത്തിയത്. വിവിധ മതാചാര പ്രകാരം രാവിലെ പത്ത് മണിയോടെയാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്.

പാടന്തറയില്‍ നടന്ന സമൂഹ വിവാഹത്തിലെ നവവരന്‍മാര്‍

400 വധൂവരന്മാരാണ് സമൂഹ വിവാഹത്തില്‍ സുമംഗലികളാകുന്നത്. സഹോദര സമുദായത്തിലെ 25 ജോഡികളും ഇതില്‍ ഉള്‍പ്പെടും. മഞ്ഞ് പുതച്ചുറങ്ങുന്ന നീലഗിരി കുന്ന് മംഗ്യല്യത്തിനായി കാത്തിരിക്കുകയാണ്. ഭാഷാ വര്‍ഗ വര്‍ണ ഭൂമിശാസ്ത്ര അതിരുകള്‍ ഭേദിച്ച് സംഘ ശക്തിയുടെ അജയ്യമുന്നേറ്റമാണ് ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാരുടെ നേതൃത്വത്തില്‍ നീലഗിരി എസ് വൈ എസ് നടത്തികൊണ്ടിരിക്കുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ വിവാഹം കൂടിയാണിത്.

ഡോ.അബ്ദുസ്സലാം സഖാഫി പ്രഭാഷണം നടത്തുന്നു

സാമ്പത്തിക പരാധീനത കാരണം വിവാഹം സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് എസ് വൈ എസ് ഇത്തവണ അത്താണിയാവുകയായിരുന്നു.
പിന്നാക്കമലയോരതോട്ടം മേഖലയായ നീലഗിരിയില്‍ ഇത്തരമൊരു സംരംഭത്തിന് ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാരുടെ നേതൃത്വത്തില്‍ പാടന്തറ മര്‍കസും എസ് വൈ എസുമാണ് ആദ്യമായി വേദിയൊരുക്കിയത്. പാടന്തറ മര്‍കസ് നാലാം തവണയാണ് സമൂഹ വിവാഹത്തിന് വേദിയായത്. മൂന്ന് വര്‍ഷം കൊണ്ട് 720 ഇണകളെയാണ് പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തിയത്. അഞ്ച് പവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് വധുവിന് നല്‍കുന്നത്. മര്‍കസിന്റെ തിരുമുറ്റത്ത് പടുകൂറ്റന്‍ പന്തലാണ് സമൂഹ വിവാഹത്തിനായി ഒരുക്കിയത്. നിത്യജോലിക്ക് പോലും പോകാന്‍ സാധിക്കാത്ത ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന തോട്ടം മേഖലയാണ് നീലഗിരി.