Connect with us

Kerala

പെരിയ ഇരട്ടക്കൊല സിബിഐ അന്വേഷിക്കണം; കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബാംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്

Published

|

Last Updated

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റെയും കുടുംബാംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കൊലയ്ക്ക് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നും കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടത്തിയത് പുറത്തുനിന്നുള്ളവരാണ്. പീതാംബരന് മാത്രമായി ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ല. സിപിഎം അറിയാതെ കൊലപാതകം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചനയുണ്ടെന്നും പ്രചോദനമായത് കെ കുഞ്ഞിരാമന്‍ എംഎല്‍എ ആണെന്നും ശരത് ലാലിന്റെ പിതാവ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കല്യോട് സ്വദേശി സജി ജോര്‍ജാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് വാഹനം ഏര്‍പ്പെടുത്തിക്കൊടുത്ത ഇയാള്‍ നേരത്തേ തന്നെ പോലീസ് കസ്റ്റഡിയിലായിരുന്നു. ഇന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. അതിനിടെ, നേരത്തെ അറസ്റ്റിലായ സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം അയ്യങ്കാവ് വീട്ടില്‍ പീതാംബരനെ(48) തെളിവെടുപ്പിന് ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂന്ന് ഇരുമ്പ് ദണ്ഡുകളും വടിവാളും പൊട്ടക്കിണറ്റില്‍ നിന്ന് കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെയാണ് െ്രെകം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയുമായി തെളിവെടുപ്പിന് കല്യോട്ടെത്തിയത്.
ചൊവ്വാഴ്ചയാണ് പീതാംബരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. 15 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.
കൃത്യത്തില്‍ താന്‍ നേരിട്ട് പങ്കാളിയായെന്ന് പീതാംബരന്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൃപേഷിന്റെ തല വെട്ടിപ്പിളര്‍ത്തിയത് താന്‍ തന്നെയാണെന്നും കസ്റ്റഡിയിലുള്ളവര്‍ അതിന് സഹായിച്ചെന്നും പീതാംബരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇരുമ്പ് ദണ്ഡ് കൊണ്ട് കൃപേഷിനെ അടിച്ചുവീഴ്ത്തിയ ശേഷം വടിവാള്‍ കൊണ്ട് വെട്ടിയെന്നാണ് പീതാംബരന്റെ മൊഴി.