എസ് വൈ എസ് സമൂഹ വിവാഹം -LIVE

Posted on: February 21, 2019 10:15 am | Last updated: February 21, 2019 at 2:40 pm

ഗൂഡല്ലൂര്‍: എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്
പാടന്തറ മര്‍കസില്‍ സമൂഹ വിവാഹം. തമിഴകത്തിലെ നീലഗിരിജില്ലയിലെ പാടന്തറയില്‍ രാവിലെ പത്ത് മണിക്കാണ് രാജ്യത്തെ ഏറ്റവും വലിയ സമൂഹ വിവാഹം നടക്കുന്നത്.

പ്രൗഢമായ ചടങ്ങിന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍, സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എസ് വൈ എസ് മുന്‍ സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍, മറ്റ് സാദാത്തുക്കള്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, തമിഴ്‌നാട് തദ്ദേശ സ്വയംഭരണ മന്ത്രി എസ് പി വേലുമണി, കെ ആര്‍ അര്‍ജുനന്‍ എം പി, നീലഗിരി എം പി ഡോ. സി ഗോപാലകൃഷ്ണന്‍, ശാന്തി രാമു എം എല്‍ എ, മുന്‍ മന്ത്രിമാരായ എ മില്ലര്‍, എം ബുദ്ധിചന്ദ്രന്‍, പ്രാസ്ഥാനിക കുടുംബ നേതാക്കള്‍ സംബന്ധിക്കും.

400 വധൂവരന്മാരാണ് സമൂഹ വിവാഹത്തില്‍ സുമംഗലികളാകുന്നത്. സഹോദര സമുദായത്തിലെ 25 ജോഡികളും ഇതില്‍ ഉള്‍പ്പെടും. മഞ്ഞ് പുതച്ചുറങ്ങുന്ന നീലഗിരി കുന്ന് മംഗ്യല്യത്തിനായി കാത്തിരിക്കുകയാണ്. ഭാഷാ വര്‍ഗ വര്‍ണ ഭൂമിശാസ്ത്ര അതിരുകള്‍ ഭേദിച്ച് സംഘ ശക്തിയുടെ അജയ്യമുന്നേറ്റമാണ് ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നീലഗിരി എസ് വൈ എസ് നടത്തികൊണ്ടിരിക്കുന്നസാന്ത്വന പ്രവര്‍ത്തനങ്ങള്‍.

സാമ്പത്തിക പരാധീനത കാരണം വിവാഹം സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് എസ് വൈ എസ് ഇത്തവണ അത്താണിയാവുകയായിരുന്നു.
പിന്നാക്കമലയോരതോട്ടം മേഖലയായ നീലഗിരിയില്‍ ഇത്തരമൊരു സംരംഭത്തിന് ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പാടന്തറ മര്‍കസും എസ് വൈ എസുമാണ് ആദ്യമായി വേദിയൊരുക്കിയത്. പാടന്തറ മര്‍കസ് നാലാം തവണയാണ് സമൂഹ വിവാഹത്തിന് വേദിയാകുന്നത്.
മൂന്ന് വര്‍ഷം കൊണ്ട് 720 ഇണകളെയാണ് പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയര്‍ത്തിയത്.അഞ്ച് പവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് വധുവിന് നല്‍കുന്നത്. മര്‍കസിന്റെ തിരുമുറ്റത്ത് പടുകൂറ്റന്‍ പന്തലാണ് സമൂഹ വിവാഹത്തിനായി ഒരുക്കിയിരിക്കുന്നത്. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി (ചെയ.) മജീദ് കക്കാട് (ജന.കണ്‍.) ഇബ്‌റാഹീം ഹാജി (ഫിനാ.സെക്ര.) എന്നിവരുള്‍പ്പെടുന്ന 301 അംഗ സ്വാഗത സംഘം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സദാ ജാഗരൂഗരാണ്.

നിത്യജോലിക്ക് പോലും പോകാന്‍ സാധിക്കാത്ത ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന തോട്ടം മേഖലയാണ് നീലഗിരി.
സമൂഹ വിവാഹത്തോട് അനുബന്ധിച്ച് ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാരുടെ ദശദിന പ്രഭാഷണം, ഐ പി എഫും ജില്ലാ എസ് വൈ എസും ചേര്‍ന്ന് ഒരുക്കിയ മെഗാ മെഡിക്കല്‍ ക്യാമ്പ്, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, സി കെ കെ മദനി, സയ്യിദ് അലി അക്ബര്‍ സഖാഫി, അഡ്വ. കെ യു ശൗക്കത്ത്, ഹകീം മാസ്റ്റര്‍, കെ എച്ച് മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.