ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം റദ്ദാക്കില്ല; നിലപാടു വ്യക്തമാക്കി ഐ സി സി

Posted on: February 20, 2019 3:59 pm | Last updated: February 20, 2019 at 6:14 pm

ദുബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം റദ്ദാക്കില്ലെന്ന് ഐ സി സി മേധാവി ഡേവ് റിച്ചാര്‍ഡ്‌സണ്‍. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഐ സി സി നിലപാടു വ്യക്തമാക്കിയത്.

മത്സരം റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുന്‍ ധാരണ പ്രകാരം തന്നെ മത്സരം നടക്കുമെന്നും റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. മത്സര ക്രമത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ല. കായിക മത്സരങ്ങള്‍ക്ക്, പ്രത്യേകിച്ച് ക്രിക്കറ്റിന് വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഭിന്ന സംസ്‌കാരമുള്ള ആളുകളെ ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

മെയ് 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ജൂണ്‍ 16നാണ് ഇന്ത്യ-പാക് മത്സരം.