Connect with us

National

സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനാര്‍ഥം ഇന്ത്യയിലെത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു.
സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി അഞ്ച് സുപ്രധാന കരാറുകളില്‍ അദ്ദേഹം ഒപ്പുവെക്കുമെന്നാണ് സൂചന.

ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഔദ്യോഗിക സ്വീകരണം നല്‍കും. ഉച്ചക്കു 12ന് പ്രധാന മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം കരാറുകള്‍ ഒപ്പിടും. വൈകീട്ട് 7.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കും. രാത്രി 11.50ന് അദ്ദേഹം ചൈനയിലേക്കു തിരിക്കും.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു സഊദിയിലേക്കു മടങ്ങിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ റിയാദില്‍ നിന്നു നേരിട്ടാണ് ഇന്ത്യയിലെത്തിയത്. ഒറ്റ പര്യടനത്തില്‍ പാക്കിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ, ഇന്ത്യ, ചൈന എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ പിന്നീട് മലേഷ്യ, ഇന്തോനേഷ്യ എന്നിവയെ ഒഴിവാക്കി.

പാക്കിസ്ഥാനില്‍ നിന്ന് നേരെ ഇന്ത്യയിലെത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്വരാജ്യത്തേക്കു മടങ്ങുകയായിരുന്നു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഊദി ഭരണകൂടം ഇന്ത്യക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സഊദി പൗരന്മാര്‍ക്ക് ഇ-വിസ പദ്ധതി
ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിനായി വരുന്ന സഊദി പൗരന്മാര്‍ക്ക് ഇ-വിസ പദ്ധതി നിലവില്‍ വരും. ഇതോടെ ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇന്ത്യ നടപ്പിലാക്കിയ ഇ-വിസ പദ്ധതിയില്‍ സഊദി അറേബ്യ ഉള്‍പ്പെട്ടിരുന്നില്ല. ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടിലേക്ക് (എന്‍ ഐ ഐ ഐ എഫ്) നിക്ഷേപം നടത്താന്‍ സഊദി നേരത്തെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Latest