Connect with us

National

കശ്മീരിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് മേഘാലയ ഗവര്‍ണര്‍; വിവാദ പ്രസ്താവനക്കെതിരെ നേതാക്കള്‍

Published

|

Last Updated

ഷില്ലോംഗ്: കശ്മീരില്‍ നിന്നുള്ള എന്തു കാര്യവും ബഹിഷ്‌കരിക്കണമെന്ന വിവാദ പ്രസ്താവനയുമായി മുന്‍ ബി ജെ പി നേതാവു കൂടിയായ മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ്. കശ്മീരില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ മാത്രമല്ല, അമര്‍നാഥ് യാത്രയും ബഹിഷ്‌കരിക്കണമെന്ന് ട്വിറ്ററില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ഒരു കേണലിന്റെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചായിരുന്നു തഥാഗത റോയിയുടെ ട്വീറ്റ്. കശ്മീര്‍ സന്ദര്‍ശിക്കുകയോ രണ്ടു വര്‍ഷത്തേക്ക് അമര്‍നാഥ് യാത്ര നടത്തുകയോ ചെയ്യരുത്, കശ്മീരില്‍ നിന്നുള്ള ഒരുത്പന്നവും വാങ്ങരുത് കശ്മീരിനെ എല്ലാതരത്തിലും ബഹിഷ്‌കരിക്കുക എന്നിവയാണ് സൈനികന്‍ ഉന്നയിച്ചതെന്നും അതിനോട് യോജിക്കുന്നുവെന്നും ട്വീറ്റില്‍ പറഞ്ഞു.

ഗവര്‍ണറുടെ ട്വീറ്റിനെതിരെ വ്യാപകവും ശക്തവുമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. റോയിയെ ഗവര്‍ണര്‍ പദവിയില്‍ നിന്നു പുറത്താക്കണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചു. മറ്റു നിരവധി രാഷ്ട്രീയ നേതാക്കളും റോയിക്കെതിരെ രംഗത്തെത്തി.