കാസര്‍കോട്ടെ ഇരട്ടക്കൊലപാതകം പാര്‍ട്ടി അറിവോടെയല്ല; കര്‍ശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

Posted on: February 19, 2019 12:38 pm | Last updated: February 19, 2019 at 9:30 pm

തിരുവനന്തപുരം:കാസര്‍കോട്ടെ ഇരട്ട കൊലപാതകം പാര്‍ട്ടി അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് പിന്നിലെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകം സംബന്ധിച്ച് പാര്‍ട്ടി നിലപാട് സംസ്ഥാന സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണ്. കാസര്‍കോട് ഇത്തരമൊരു കൊലപാതകം നടത്താനുള്ള ഒരു സാഹചര്യവും നിലവില്ലി. കാസര്‍കോട് എല്‍ഡിഎഫ് ജാഥ നടക്കുന്ന സമയത്താണ് കൊലപാതകം. രാഷ്ട്രീയത്തിന്റെ ആദ്യക്ഷരം അറിയുന്നവര്‍ ചെയ്യുന്ന പ്രവര്‍ത്തിയല്ലിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല. സര്‍ക്കാര്‍ അതിന് അപലപിക്കുകയാണ്. അക്രമത്തിന് പ്രോത്സാഹനം നല്‍കുന്ന പാര്‍ട്ടിയല്ല സിപിഎം. ഏറെ അക്രമങ്ങള്‍ ഏറ്റ് വാങ്ങിയ പാര്‍ട്ടിയാണിത്. അക്രമങ്ങളാല്‍ ഒരുപാട് വേദന അനുഭവിച്ച പാര്‍ട്ടി. അരേയും കൊല്ലാന്‍ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎം. സിപിഎമ്മിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സാഹചര്യം വേണമെന്ന് ജനകീയമായി ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ എതിരാകുന്ന ഒരു നടപടിയും പാര്‍ട്ടി അംഗീകരിക്കില്ലെന്നും വാര്‍ത്ത സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.