കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടു പോയതാണെന്നും വിയന്ന കരാര്‍ ലംഘിച്ചെന്നും ഇന്ത്യ

Posted on: February 18, 2019 5:36 pm | Last updated: February 18, 2019 at 8:15 pm

ന്യൂഡല്‍ഹി: ചാരവൃത്തിയും ഭീകരവാദവും ആരോപിച്ച് ഇന്ത്യന്‍ പൗരനും റിട്ട. നവികോദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക് നടപടി റദ്ദാക്കണമെന്ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതി മുമ്പാകെ ആവശ്യപ്പെട്ടു. 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി ജാദവിന് പരമാവധി ശിക്ഷ വിധിച്ചത്.

കേസില്‍ അന്തിമ വിധിയുണ്ടാകും വരെ ശിക്ഷ നടപ്പാക്കരുതെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. നീതി നടപ്പാകുമെന്ന് ഇന്ത്യയിലെ 130 കോടിയിലധികം വരുന്ന ജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ് ഈ ഉത്തരവെന്ന് ഇന്ത്യ കോടതിയില്‍ പറഞ്ഞു.

വിയന്ന കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തുന്നതെന്നും നീതി നിഷേധിക്കുന്ന നടപടിയാണ് കൈക്കൊള്ളുന്നതെന്നും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സീനിയര്‍ അഭിഭാഷകന്‍ ഹാരിഷ് സാല്‍വെ പറഞ്ഞു. ഇന്ത്യക്കെതിരായ പ്രചാരണത്തിന് അന്താരാഷ്ട്ര കോടതിയെ പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്യുകയാണ്. കേസില്‍ തങ്ങള്‍ സ്വീകരിച്ച നടപടി വെളിപ്പെടുത്താന്‍ അവര്‍ ഭയപ്പെടുകയാണ്. വസ്തുതകള്‍ മറച്ചുവെക്കുന്നതിലും കൃത്രിമമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും അഗ്രഗണ്യരാണ് പാക്കിസ്ഥാന്‍. ഇതര ദേശക്കാരനാണെന്ന വസ്തുത പരിഗണിക്കാതെ തുടര്‍ച്ചയായി ജാദവിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത് അന്യായമാണ്- സാല്‍വെ പറഞ്ഞു.
2016 മാര്‍ച്ച് മൂന്നിന് സംഘര്‍ഷ ബാധിതമായ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നാണ് ജാദവിനെ കസ്റ്റഡിയിലെടുത്തതെന്ന പാക്കിസ്ഥാന്റെ അവകാശവാദം അസംബന്ധമാണെന്നും ഇറാനില്‍ ബിസിനസ് നടത്തിവരികയായിരുന്ന അദ്ദേഹത്തെ അവിടെ നിന്ന് തട്ടിക്കൊണ്ടുപോന്നതാണെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.