പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചു

Posted on: February 18, 2019 12:26 pm | Last updated: February 18, 2019 at 3:07 pm

ശ്രീനഗര്‍: പുല്‍വാമയില്‍ 40 സൈനികരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ സൂത്രധാരനായ പാക് ഭീകരന്‍ കമ്രാന്‍ ഉള്‍പ്പടെ രണ്ടു ഭീകരരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. ഹിലാല്‍ ആണ് കൊല്ലപ്പെട്ട മറ്റൊരു ഭീകരന്‍. എന്നാല്‍ ഈ വിവരം അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പുല്‍വാമയിലെ പിങ്ഗ്ലന മേഖലയില്‍ ഏറ്റുമുട്ടലിനിടെയാണ് ജയ്ഷ്വ മുഹമ്മദ് ഭീകരവാദികളായ ഇരുവരെയും സൈന്യം വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ രാവിലെ നാലു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. 55 രാഷ്ട്രീയ റൈഫിള്‍സ് വിഭാഗത്തില്‍ പെട്ട സൈനികരായ മേജര്‍ വി എസ് ദൗന്‍ദിയാല്‍ (ഡെറാഡൂണ്‍), ഹവില്‍ദാര്‍ ഷിയോ റാം (രാജസ്ഥാന്‍), അജയ് കുമാര്‍ (മീററ്റ്), ഹരിസിംഗ് (ഹരിയാന) എന്നിവരാണ് വീരമൃത്യു വരിച്ചത്.

40 സൈനികരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ ചാവേറായ വ്യക്തിക്കു സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് കമ്രാനാണെന്നാണ് കരുതുന്നത്.