Connect with us

Kerala

കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; ഇന്ന്‌ ഹര്‍ത്താല്‍

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. പെരിയ കല്യോട് ക്യഷ്ണന്റേയും ബാലാമണിയുടേയും മകന്‍ കൃപേഷ്(19) ,കൂരാങ്കരയിലെ സത്യനാരായണന്റെ മകന്‍ ജോഷി എന്ന ശരത് ലാല്‍(22) എന്നിവരാണ് മരിച്ചത്. കൃപേഷ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. മംഗലാപുരത്തെ ആശുപത്രിയില്‍വെച്ചാണ് ശരത്‌ലാല്‍ മരിച്ചത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ബൈക്കില്‍ സഞ്ചിരിക്കുകയായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ ഇവിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. സിപിഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗം എ പീതാബരന്‍, കേരള പ്രവാസി സംഘം വില്ലേജ് സെക്രട്ടറി കല്യോട്ടെ എ സുരേന്ദ്രന്‍ എന്നിവരെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയാണ് ശരത്.

കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് തിങ്കളാഴ്ച്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സംസ്ഥാന വ്യാപകമായി സമാധാനപരമായി ഹര്‍ത്താല്‍ ആചരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്തു. സി.പി.എം കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഒരിടത്തും അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് അദ്ധേഹം അറിയിച്ചു.

അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസിന്റെ കേരള പതിപ്പായി സിപിഎം മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകമെന്നും ഡീന്‍കുര്യാക്കോസ് ആരോപിച്ചു.