Connect with us

National

പുല്‍വാമ ആക്രമണം: സുരക്ഷാ വീഴ്ചയുണ്ടായിരിക്കാമെന്ന് മുന്‍ റോ തലവന്‍

Published

|

Last Updated

ഹൈദരാബാദ്: സുരക്ഷാവീഴ്ചയുണ്ടാകാത്ത പക്ഷം പുല്‍വാമയില്‍ നടന്നതുപോലുള്ള ഭീകരാക്രമണങ്ങള്‍ നടത്താനാകില്ലെന്ന് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് മുന്‍ തലവന്‍ വിക്രം സൂദ്. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്നാല്‍ സുരക്ഷാ വീഴ്ചയില്ലാതെ ഇത്തരം സംഭവങ്ങള്‍ നടക്കില്ല- വിക്രം സൂദ് പറഞ്ഞു. ഭീകരാക്രമണത്തില്‍ ഒന്നിലേറെപ്പേര്‍ ഉണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈദരബാദില്‍ ഒരു ചടങ്ങിനിടെയാണ് സൂദ് ഇക്കാര്യം പറഞ്ഞത്.

സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത് ഒരാളാകാം. അവ സംയോജിപ്പിച്ചത് മറ്റൊരാളും . ചാവേര്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ സംഘടിപ്പിച്ചത് മറ്റൊരാളായിരിക്കാം. സിആര്‍പിഎഫിന്റെ വാഹനങ്ങളുടെ നീക്കം അവര്‍ അറിഞ്ഞിരിക്കാമെന്നും സൂദ് പറഞ്ഞതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചൈന പാക്കിസ്ഥാന്റെ ആജ്ഞകള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. യുഎന്നില്‍ പാക്കിസ്ഥാന് സംരക്ഷണം നല്‍കുന്നത് ചൈനയാണ്. ഈ ഭീകരവാദികള്‍ ഒരിക്കലും ചൈനക് ഭീഷണിയാകില്ലെന്ന് പാക്കിസ്ഥാന്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് പാക്കിസ്ഥാനേക്കള്‍ വലിയ ഭീഷണി അവരുടെ നിയന്ത്രണത്തിലുള്ള ചൈനയാണ്. അതിനാല്‍ നാം ഒരുങ്ങിയിരിക്കുക തന്നെ വേണം. ഇന്ത്യയുടെ തിരിച്ചടി സംബന്ധിച്ച ചോദ്യത്തിന് ഒരു ഇടിക്ക് അനുസരിച്ച് മറ്റൊരു ഇടി നല്‍കാന്‍ ഇതൊരു ബോക്‌സിംഗ് മാച്ച് അല്ലെന്നും സൂദ് വ്യക്തമാക്കി.

Latest