Connect with us

Kerala

ഇടതുമുന്നണിയില്‍ സ്ഥാനാര്‍ഥി ചര്‍ച്ച സജീവം

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇടതുമുന്നണിയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമായി. നവോത്ഥാനപ്രസ്ഥാനങ്ങളുടെ കൂട്ടായ്മയെ വിശ്വാസത്തിലെടുത്തായിരിക്കും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. ന്യൂനപക്ഷത്തേയും ഭൂരിപക്ഷത്തേയും ഒപ്പം നിര്‍ത്താനാണ് നീക്കം.
പാര്‍ട്ടിയുടെ ഉറച്ച സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികള്‍ക്ക് പുറമെ സാമുദായിക സമവാക്യങ്ങള്‍ക്ക് യോജിച്ചവരേയും സ്ഥാനാര്‍ഥികളായി മുന്നണി പരിഗണിക്കും. ക്രിസ്തീയ സഭകള്‍ക്കും വെള്ളാപ്പള്ളിയെപ്പോലുള്ള സമുദായനേതാക്കള്‍ക്കു സ്വീകാര്യരായ സ്വതന്ത്രരേയും ചില മണ്ഡലങ്ങളില്‍ മത്സരിപ്പിക്കും. നിയമസഭയില്‍ റാണി ജോര്‍ജ് വിജയിച്ചത് എല്‍ ഡി എഫിന് മുന്നിലുണ്ട്. പത്തനംതിട്ട സീറ്റ് പിടിക്കാന്‍ സിറ്റിംഗ് എം എല്‍ എ രാജു എബ്രാഹാമിനെ രംഗത്തിറക്കാനും സാധ്യതയുണ്ട്.

സി പി ഐക്ക് നാല് സീറ്റ് എന്നതില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ജനതാദള്‍, കേരളാ കോണ്‍ഗ്രസ് എന്നിവര്‍ സീറ്റ് മോഹിക്കുന്നുണ്ടെങ്കിലും നല്‍കാന്‍ സാധ്യത കുറവാണ്. തിരുവനന്തപുരത്ത് സി പി ഐയുടെ സ്ഥാനാര്‍ഥി ഇപ്പോഴും ഉറപ്പായിട്ടില്ല. കോണ്‍ഗ്രസിലെ ശശി തരൂര്‍ തുടര്‍ച്ചയായി രണ്ട് വട്ടം വിജയിച്ച മണ്ഡലം തിരിച്ചുപിടിക്കുക അത്ര എളുപ്പമല്ല. തരൂരിന്റെ വ്യക്തിപ്രഭാവത്തോട് കിടപിടിക്കാന്‍ തക്ക സ്ഥാനാര്‍ഥിയെ സി പി ഐക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആനിരാജയോ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ മത്സരിക്കും. ആറ്റിങ്ങല്‍ സി പി എമ്മിന്റെ ഉരുക്കുകോട്ടയാണ്. എ സമ്പത്ത് രണ്ട് തവണ വിജയിച്ച മണ്ഡലമാണിത.് തെക്കന്‍ കേരളത്തില്‍ സി പി എമ്മിന് പ്രതീക്ഷിക്കാവുന്ന ഉറച്ച മണ്ഡലം. മികച്ച പാര്‍ലമെന്റേറിയനായ സമ്പത്തിനെ വീണ്ടും മത്സരിപ്പിക്കാനാണ് സാധ്യത. എന്നാല്‍ രണ്ട് വട്ടം പൂര്‍ത്തിയായതിനാല്‍ എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി ബിജുവിനോ ഡി വൈ എഫ് ഐ നേതാവ് എ എ റഹീമിനോ നറുക്കു വീണേക്കാം.

കൊല്ലം മണ്ഡലം സി പി എമ്മിന്റെ അഭിമാന മത്സരം നടക്കുന്നതാണ്. കഴിഞ്ഞ തവണ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലം. എന്‍ കെ പ്രേമചന്ദ്രന്‍ തന്നെയാണ് ഇത്തവണയും യു ഡി എഫ് സ്ഥാനാര്‍ഥിയെന്നതിനാല്‍ വിജയം നേടേണ്ടത് സി പി എമ്മിന് ആവശ്യമാണ്. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ എന്‍ ബാലഗോപാലിനെയാവും ഇത്തവണ സി പി എം രംഗത്തിറക്കുക.
മാവേലിക്കര സി പി ഐയിലെ ചെങ്ങറ സുരേന്ദ്രന്‍ തന്നെയാവും സ്ഥാനാര്‍ഥി. ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കാന്‍പോന്ന ഒരാളെ എല്‍ ഡി എഫിന് കണ്ടെത്തേണ്ടതുണ്ട്. വെള്ളാപ്പള്ളിക്കുകൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയായിരിക്കുമിത്. അതുണ്ടായില്ലെങ്കില്‍ സി എസ് സുജാതയോ ടി എന്‍ സീമയോ മത്സരിക്കും. പത്തനംതിട്ടയില്‍ കഴിഞ്ഞ തവണ പിലിപ്പോസ് തോമസ് ഇടതു സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. രാജു എബ്രഹാമിനെ പരിഗണിക്കുന്നില്ലെങ്കില്‍ ഇത്തവണയും സ്വതന്ത്രനെ പരീക്ഷിക്കാനാണ് സാധ്യത.

കോട്ടയം മണ്ഡലത്തിന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജിന് മണ്ഡലം നല്‍കുമോ എന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയ്‌സ് ജോര്‍ജ് ഇടതുസ്വതന്ത്രനായി വിജയിച്ച മണ്ഡലമാണ്. ജോയ്‌സിനെ വീണ്ടും ഇറക്കുമോ എന്നതില്‍ ഉറപ്പില്ല. പി ജെ ജോസഫിന്റെ രാഷ്ട്രീയ നിലപാടുകൂടി കണ്ടതിന് ശേഷമായിരിക്കും തീരുമാനം. എറണാകുളം മണ്ഡലം തിരിച്ചുപിടിക്കാന്‍ സെബാസ്റ്റ്യന്‍ പോളിനെ ഇറക്കിയേക്കും. പല തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുള്ള അദ്ദേഹം ഇടത് സ്വതന്ത്രനായിരിക്കും. തൃശൂരില്‍ സി എന്‍ ജയദേവന്‍ തന്നെയായിരിക്കും വീണ്ടും സി പി ഐ സ്ഥാനാര്‍ഥിയാവുക. പാലക്കാട് എം ബി രാജേഷ് രണ്ട് തവണ വിജയിച്ചതിനാല്‍ പുതിയൊരാള്‍ വന്നുകൂടെന്നില്ല. എന്‍ എന്‍ കൃഷ്ണദാസ് വീണ്ടും മത്സരിക്കാന്‍ സാധ്യതയുണ്ട്. ജില്ലയിലെ വിഭാഗീയത കൂടി കണക്കിലെടുത്തായിരിക്കും സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക.

കോഴിക്കോട് ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. സി പി ഐക്ക് വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി ഉണ്ടാവില്ല. കഴിഞ്ഞ തവണ മത്സരിച്ച സത്യന്‍ മൊകേരി തന്നെയാവും വീണ്ടും പട്ടികയില്‍ ഇടംപിടിക്കുക. കണ്ണൂരും കാസര്‍കോടും സി പി എമ്മിന്റെ കോട്ടകളാണ്. കണ്ണൂരില്‍ പി കെ ശ്രീമതി മത്സരിക്കാനാണ് സാധ്യത. കാസര്‍കോട് പി കരുണാകരന്‍ മാറിയേക്കും. പകരം കെ പി സതീഷ്ചന്ദ്രന്‍ മത്സരിക്കാനാണ് സാധ്യത. എല്‍ ഡി എഫിന്റെ ജാഥ കഴിഞ്ഞ ശേഷമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവസാന തീരുമാനമുണ്ടാവുക.

Latest