Connect with us

Articles

കൊട്ടിഘോഷിച്ച ബില്ലുകൾ അസാധുവാകുമ്പോള്‍

Published

|

Last Updated

പതിനാറാം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ കേന്ദ്ര സർക്കാർ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന രണ്ട് ബില്ലുകൾ അസാധുവായിരിക്കുകയാണ്. മുത്വലാഖ് ബില്ലും പൗരത്വ ഭേദഗതി ബില്ലും. സർക്കാർ ലോക്‌സഭയിൽ പാസ്സാക്കിയെടുത്ത മുത്വലാഖ് ബില്ലും (മുസ്‌ലിം വനിതാ വിവാഹ സംരക്ഷണ നിയമം) പൗരത്വ ഭേദഗതി ബില്ലും പ്രതിപക്ഷ കക്ഷികളുടെ എതിർപ്പിനെ തുടർന്ന് രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിയാതെ പോയതാണ് ഇവയുടെ നിയമസാധുത നഷ്ടപ്പെടാൻ കാരണം. ലോക്‌സഭയിൽ പാസ്സാക്കി രാജ്യസഭയിൽ പാസ്സാക്കാനാകാത്ത ബില്ലുകളാണ് ലോക്‌സഭയുടെ കാലാവധി കഴിയുന്നതോടെ അസാധുവാകുന്നത്.

മുസ്‌ലിം സ്ത്രീകളുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് മുത്വലാഖ് ബില്ല് കൊണ്ടുവന്നതെന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ തീർത്തും ദുരുദ്ദേശ്യപരമായ നീക്കമായാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. ഇപ്പേരിൽ മുസ്‌ലിം യുവാക്കളെ എങ്ങനെ തടങ്കലിലിടാമെന്നതാണ് ബി ജെ പി സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഒരുമിച്ച് മൂന്ന് തവണ ത്വലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നയാൾക്ക് മുന്ന് വർഷം ജയിൽശിക്ഷ നൽകുന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ. മറ്റൊന്ന് മുത്വലാഖ് ചൊല്ലി തടവ് ശിക്ഷ അനുഭവിക്കുന്നയാൾ ഭാര്യക്ക് ജീവനാംശവും നൽകണമെന്നതാണ്. ഇതെങ്ങനെ സാധിക്കും? തൊഴിൽ ചെയ്തു പണമുണ്ടാക്കാൻ അവസരമില്ലാതെ ജയിലിൽ കഴിയുന്നയാൾ എങ്ങനെയാണ് ജീവനാംശം നൽകുക? മുസ്‌ലിം യുവാക്കളെ ആപ്പിലാക്കാനുള്ള കുതന്ത്രമായി ഇത് വിലയിരുത്തപ്പെടാൻ കാരണം ബില്ലിലെ ഇത്തരം വിചിത്ര വ്യവസ്ഥകളാണ്. മുസ്‌ലിം വനിതകൾ അനുഭവിക്കുന്ന വിവേചനവും പീഡനവും അവസാനിപ്പിക്കാനാണ് മുത്വലാഖ് ബില്ലെന്നാണ് സർക്കാർ വാദം. എന്നാൽ, മറ്റു പല മതവിഭാഗങ്ങളിലും സ്ത്രീകൾ കൊടിയ പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. മുസ്‌ലിം സ്ത്രീകളുടെ കാര്യത്തിൽ മാത്രം സർക്കാർ എന്തിനിത്ര ആവേശം കാണിക്കുന്നുവെന്ന ചോദ്യം പ്രസക്തമാണ്. രാജ്യത്തെ സ്ത്രീകൾ അനുഭവിക്കുന്ന പീഡനവും വിവേചനവും അവസാനിപ്പിക്കാൻ ഗാർഹിക പീഡന വിരുദ്ധ നിയമം നിലവിലുണ്ട്. ഇത് മുസ്‌ലിംകൾക്കും ബാധകമാണെന്നിരിക്കെ, പിന്നെന്തിനാണ് മുസ്‌ലിംകൾക്കു മാത്രമായി പ്രത്യേകമൊരു വനിതാ വിവാഹ സംരക്ഷണ നിയമമെന്ന ചോദ്യത്തിന് സർക്കാർ ഉത്തരം നൽകിയിട്ടില്ല. മുസ്‌ലിം സ്ത്രീകളോടുള്ള അനുകമ്പയല്ല, മറിച്ച് രാജ്യം മുസ്‌ലിംകൾക്ക് അനുവദിച്ചതും ഭരണഘടന സംരക്ഷണം ഉറപ്പ് നൽകിയതുമായ “മുസ്‌ലിം വ്യക്തിനിയമം” തന്നെ ഇല്ലാതാക്കി മുസ്‌ലിംകളുടെ സാംസ്‌കാരികമായ അസ്തിത്വത്തെ നിഷ്‌കാസനം ചെയ്യുകയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരെങ്കിലും സന്ദേഹിച്ചാൽ അതിനവരെ കുറ്റപ്പെടുത്താനൊക്കുമോ? അതിന്റെ ആദ്യപടിയായി വേണം മുത്വലാഖ് വിരുദ്ധബില്ലിനെ കാണാൻ.

വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സിവിൽ നിയമത്തിനു കീഴിൽ വരുന്നതാണ്. അതിന് ക്രിമിനൽ ശിക്ഷ നൽകുന്നത് ശരിയായ നടപടിയല്ല. സിവിൽ നിയമപ്രകാരം കാണേണ്ട തെറ്റ് ക്രിമിനൽ കുറ്റമാകുമ്പോൾ യഥാർഥത്തിൽ വാദിക്കും പ്രതിക്കും നീതി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. ത്വലാഖ് ഒന്നായാലും മൂന്നും ഒന്നിച്ചു ചൊല്ലിയാലും ഫലത്തിൽ ഭാര്യയെ ഉപേക്ഷിക്കലാണത്. എന്നാൽ ഭാര്യയെ ഉപേക്ഷിക്കുന്നത് മറ്റു സമുദായങ്ങളിലെല്ലാം സിവിൽ കുറ്റമാണ്.
എന്തുകൊണ്ട് മുസ്‌ലിം സമുദായത്തിൽ മാത്രം അത് ക്രിമിനൽ കുറ്റമായി മാറുന്നു? ബില്ലിലെ ഇസ്‌ലാമിക വിരുദ്ധത ചൂണ്ടിക്കാട്ടുമ്പോൾ, ഇത് മതവിഷയമല്ല ലിംഗ നീതിയുടെ പ്രശ്‌നമാണെന്നാണ് കേന്ദ്രസർക്കാറും ബി ജെ പിയും പറയുന്നത്. സ്ത്രീമാന്യത, തുല്യനീതി, ലിംഗനീതി എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം. അങ്ങനെയെങ്കിൽ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ബി ജെ പിയും കേന്ദ്രസർക്കാറും എന്തുകൊണ്ടാണ് അനുകൂല നിലപാട് സ്വീകരിക്കാതിരിക്കുന്നത്?

ശബരിമല വിഷയത്തിലെ കോടതി വിധി നടപ്പാക്കാൻ സഹായകമായ നിയമനിർമാണത്തിന് എന്തുകൊണ്ട് സർക്കാർ തയ്യാറാവുന്നില്ല? സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കിലും മുത്വലാഖ്, ശബരിമല വിഷയങ്ങൾ സമാനമല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെടുന്നത്. മുത്വലാഖ് സ്ത്രീ-പുരുഷ സമത്വത്തിന്റേതും ശബരിമലയിലെ യുവതീ പ്രവേശന വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. യഥാർഥത്തിൽ ലിംഗനീതിയല്ല; തികഞ്ഞ മുസ്‌ലിം വിരുദ്ധതയാണ് സർക്കാർ ഇക്കാര്യത്തിൽ അനുവർത്തിക്കുന്നതെന്ന് ഈ ഇരട്ടത്താപ്പിലൂടെ ബോധ്യപ്പെടും.

ലോക്‌സഭ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിലും മുസ്‌ലിം വിരുദ്ധത പ്രകടമാണ്. അസാമിലെ പൗരത്വ രജിസ്‌ട്രേഷൻ കരടു പട്ടിക പുറത്തു വന്നപ്പോൾ 40.07 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. 3.29 കോടി ജനങ്ങളുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സംസ്ഥാനമായ അസാമിൽ 2.89 കോടി പേർ മാത്രമാണ് അവസാന കരട് പ്രകാരം പൗരന്മാരായിട്ടുള്ളത്. സംസ്ഥാനത്തെ ജനസംഖ്യയിൽ ക്രമാതീതമായ വർധനവ് അനുഭവപ്പെടുന്നതായും ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൗരന്മാരെ രജിസ്റ്റർ ചെയ്യുന്ന പദ്ധതി നടപ്പാക്കിയതെന്നാണ് സർക്കാർ വിശദീകരണമെങ്കിലും സംസ്ഥാനത്തെ മുസ്‌ലിംകളെ ലക്ഷ്യമാക്കിയുള്ള ഗൂഢനീക്കമാണിതെന്നാണ് കരുതപ്പെടുന്നത്. മതിയായ രേഖകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 40 ലക്ഷത്തിലേറെ പേരെയാണ് പൗരത്വത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിൻ, ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബിൽ – 2019 സർക്കാർ കൊണ്ടു വന്നിരിക്കുന്നത്. ഇതു പ്രകാരം 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയവർക്ക് പൗരത്വം ലഭിക്കും.
അതത് രാജ്യങ്ങളിൽ അടിച്ചമർത്തൽ നേരിടുന്ന ന്യൂനപക്ഷങ്ങൾ എന്ന ന്യായീകരണത്തിൽ ആയിരങ്ങൾക്ക് പൗരത്വം അനുവദിക്കുന്നതിലൂടെ അനധികൃത കുടിയേറ്റത്തിന് കൈയൊപ്പ് ചാർത്തുകയാണ് യഥാർഥത്തിൽ കേന്ദ്ര സർക്കാർ. മ്യാൻമറിൽ ന്യൂനപക്ഷങ്ങളായ റോഹിംഗ്യകൾ കൊടിയ പീഡനങ്ങൾ നേരിടുമ്പോൾ പ്രാണരക്ഷാർഥം അഭയം തേടി ഇന്ത്യയിലെത്തുമ്പോൾ അവരെ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ ആട്ടിയോടിക്കുന്നവർക്ക് എങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്ന് ചേക്കേറിയ ന്യൂനപക്ഷങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കാൻ കഴിയുക? മുത്വലാഖ് പോലെ പൗരത്വഭേദഗതി ബില്ലും ബി ജെ പിയുടെ ഹിന്ദുത്വ അജൻഡയുടെ ഭാഗമാണെന്ന ആക്ഷേപം ശക്തമാണ്. മുസ്‌ലിംകളെ മാറ്റിനിർത്തുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നത് സ്പഷ്ടമാണ്. പൗരത്വത്തെ വർഗീയമായി വേർതിരിക്കുന്നതിലൂടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മഹിത മൂല്യങ്ങളെയാണ് യഥാർഥത്തിൽ സർക്കാർ നിരാകരിക്കുന്നത്.

ഏതായാലും ലോക്‌സഭ കടന്ന ഈ രണ്ട് ബില്ലുകളും പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് രാജ്യസഭയിൽ അവതരിപ്പിച്ച് പാസ്സാക്കാൻ സർക്കാറിന് കഴിഞ്ഞില്ല. ബില്ലുകൾ രാജ്യസഭയിൽ വീണ്ടും അവതരിപ്പിച്ച് പാസ്സാക്കാനാകുമെങ്കിലും ബില്ലുകളിൽ ഏന്തെങ്കിലും ഭേദഗതി പാസ്സായാൽ അത് തിരികെ നേരത്തേ പരിഗണിച്ച ലോക്‌സഭക്ക് കാലാവധി കഴിഞ്ഞതിനാൽ പരിഗണിക്കാനാകാത്ത സ്ഥിതിക്ക് ബില്ലുകൾ അസാധുവായിത്തീർന്നതായി ഗണിക്കപ്പെടും.
ഇത്തരമൊരു സാഹചര്യത്തിൽ ഈവർഷം നടക്കാനിരിക്കുന്ന പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയാൽ നടപ്പാക്കാൻ കഴിയാതെ പോയ ഹിന്ദുത്വ അജൻഡകൾ ഒന്നൊന്നായി നടപ്പാക്കുന്നതിലാകും സംഘ്പരിവാർ ശ്രദ്ധയൂന്നുക. മതേതര ഭാരതം അതിന് നിലമൊരുക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

സലീം പടനിലം

 

 

Latest