സമാധാന വിരുദ്ധര്‍ക്കെതിരെ പാക്ക് ഭരണകൂടം നടപടി സ്വീകരിക്കണം -കാന്തപുരം

Posted on: February 16, 2019 4:33 pm | Last updated: February 16, 2019 at 4:48 pm

ബാഗ്ദാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിതാന്തമായ വൈരത്തില്‍ പ്രവര്‍ത്തിക്കണം എന്നാഗ്രഹിക്കുന്നവരാണ് ഭീകരവാദികളെന്നും ഇത്തരം സമാധാന വിരുദ്ധരെ കണ്ടെത്തി ഇല്ലാതാക്കാന്‍ പാക്ക് ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

പട്ടാളക്കാര്‍ നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി കാത്ത് പുറമെനിന്നുള്ള ഭീകരതകളെ പ്രതിരോധിക്കുന്നവരാണ്. നാമെല്ലാം അടങ്ങുന്ന കോടിക്കണക്കിന് മനുഷ്യരുടെ സ്വസ്ഥതക്കായി അധ്വാനിക്കുന്നവരാണ്. അവര്‍ക്ക് നേരെയുണ്ടായ ഈ ഭീകരത ഞെട്ടിപ്പിക്കുന്നതും വളരെ വേദനാജനകവുമാണെന്നും കാന്തപുരം അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷക്കായി മര്‍കസ് മസ്ജിദ് അടക്കമുള്ള അനേകം പള്ളികളില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. വിടപറഞ്ഞ പ്രിയപ്പെട്ട സഹോദരന്മാരുടെ കുടുബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതിനൊപ്പം പുണ്യഭൂമിയായ ബാഗ്ദാദില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കാന്തപുരം അറിയിച്ചു.