ഭാരതരത്‌ന സ്വീകരിക്കാന്‍ തയാറെന്ന് ഭൂപന്‍ ഹസാരികയുടെ മകന്‍

Posted on: February 15, 2019 8:33 pm | Last updated: February 15, 2019 at 10:03 pm

ന്യൂയോര്‍ക്ക്: വിഖ്യാത സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികക്കു ലഭിച്ച ഭാരതരത്‌ന പുരസ്‌കാരം സ്വീകരിക്കില്ലെന്ന നിലപാടില്‍ മാറ്റം വരുത്തി കുടുംബം. ഭാരതരത്‌ന ഏറ്റുവാങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തന്നെ ക്ഷണിച്ചതായും രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് പിതാവിനു വേണ്ടി സ്വീകരിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയാണെന്നും ഹസാരികയുടെ മകന്‍ തേജ് ഹസാരിക പറഞ്ഞു.

അഖണ്ഡവും പുരോഗനാത്മകവുമായ ഒരിന്ത്യക്കു വേണ്ടി സ്വയം സമര്‍പ്പിക്കുകയും ത്യാഗനിര്‍ഭരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത വ്യക്തിയാണ് തന്റെ പിതാവെന്നും അദ്ദേഹത്തിന് ഇപ്പോള്‍ അതിനുള്ള അംഗീകാരം ലഭിച്ചിരിക്കുകയാണെന്നും ന്യൂയോര്‍ക്കില്‍ നിന്ന് പി ടി ഐക്കു നല്‍കിയ പ്രസ്താവനയില്‍ തേജ് വ്യക്തമാക്കി.

ഫെബ്രുവരി 11ന് താന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ചിലര്‍ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചത് നിര്‍ഭാഗ്യകരമാണെന്നും തേജ് കൂട്ടിച്ചേര്‍ത്തു. പിതാവിന് ലഭിച്ച ബഹുമതി അസം പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് നിഷേധിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ നിലപാടിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.