ഭീകരാക്രമണം: പാക്കിസ്ഥാന് നല്‍കിയിരുന്ന ‘പ്രിയങ്കരമായ രാജ്യം’ പദവി ഒഴിവാക്കി

Posted on: February 15, 2019 7:27 pm | Last updated: February 15, 2019 at 7:27 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന് നല്‍കിയിരുന്ന ഏറ്റവും പ്രിയങ്കരമായ രാജ്യം എന്ന പദവി ഇന്ത്യ ഒഴിവാക്കി. കാശ്മീര്‍ ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള എല്ലാ നീക്കങ്ങളും നടത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയാണ് ഈ തീരുമാനമെടുത്തത്.

അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്തുന്നതിന് എല്ലാ ശ്രമങ്ങളും ഇന്ത്യ നടത്തുമെന്ന് യോഗത്തിന് ശേഷം ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുള്ളതായി വ്യക്തമായ തെളിവുണ്ടെന്നും തീവ്രവാദികളെ സഹായിക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

രണ്ട് രാജ്യങ്ങള്‍ തമ്മില്‍ വിവേചനരഹിതമായ വ്യാപാരം ഉറപ്പുവരുത്തുന്നതിനായി ഒരു രാജ്യം മറ്റൊരു രാജ്യത്തിന് വാണിജ്യ ഇളവുകളും മറ്റു നല്‍കുന്നതിനാണ് ‘ഏറ്റവും പ്രിയങ്കരമായ രാജ്യം’ (Most Favoured Nation) എന്ന പദവി നല്‍കുന്നത്.