കേന്ദ്ര ആഭ്യന്തര മന്ത്രി കശ്മീരില്‍; വീര സൈനികര്‍ക്ക് അന്ത്യാഞ്ജലി

Posted on: February 15, 2019 6:10 pm | Last updated: February 15, 2019 at 8:35 pm

ശ്രീനഗര്‍: പുല്‍വാമയില്‍ രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ ജീവത്യാഗം
ചെയ്ത വീര സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കശ്‌മീരിലെത്തി. ബദ്ഗാമിലെ സൈനിക ക്യാമ്പിലെത്തിയ അദ്ദേഹം സൈനികര്‍ക്ക് അന്ത്യോപചാരമര്‍പ്പിച്ചു. സൈനികര്‍ക്കൊപ്പം മൃതദേഹം തോളിലേറ്റി സൈനിക ക്യാമ്പിലെ നടപടികളില്‍ പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിയുടെ വീഡിയോ ചിത്രം വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഭീകരാക്രമണം നടന്ന സ്ഥലം മന്ത്രി രാജ്‌നാഥ് സിംഗ് സന്ദര്‍ശിക്കും. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സെെനികരെയും അദ്ദേഹം സന്ദർശിച്ചു.

വെള്ളിയാഴ്ച പുല്‍വാമയില്‍ സൈനിക കോണ്‍വോയിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 39 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.