Connect with us

Kozhikode

അലിഗഢിനെ തകര്‍ക്കാന്‍ സംഘപരിവാറിന്റെ ആസൂത്രിത ശ്രമം: എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: അലിഗഢ് വിദ്യാര്‍ഥികളുടെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പോലീസ് നടപടി രാജ്യത്തെ നിയമ വ്യവസ്ഥക്ക് നാണക്കേടായി മാറിയെന്ന് എസ് എസ് എഫ്. അനുമതിയില്ലാതെ കാമ്പസിനകത്തേക്ക് പ്രവേശിക്കുകയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത റിപ്പബ്ലിക് ചാനല്‍ പ്രതിനിധികള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തത്. അതേ സമയം പുറത്ത് നിന്നുള്ളവരുടെ പരാതിയിന്‍മേല്‍ പ്രാഥമികാന്വേഷണം പോലും നടത്താതെ വിദ്യാര്‍ഥികള്‍ക്കെതിരെ ചാര്‍ജ് ഷീറ്റ് നല്‍കുകയാണ് പോലീസ് ചെയ്തിരിക്കുന്നത്.
മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ചാനല്‍ പ്രതിനിധികള്‍ കാമ്പസിനകത്ത് കയറിയതെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ തന്നെ വ്യക്തമാക്കുമ്പോഴും റിപ്പബ്ലിക് എഴുതിയ തിരക്കഥയുടെ പിറകെ പോവുന്ന പോലീസ് സംഘ പരിവാരത്തിന്റെ ബി ടീം പോലെയാണ് പ്രവര്‍ത്തിച്ചത്. യൂണിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തുടര്‍വാദം കേള്‍ക്കുന്നതിന് സുപ്രീം കോടതി ഏഴംഗ ബഞ്ചിന് കേസ് കൈമാറിയ അതേ ദിവസം തന്നെയാണ് റിപ്പബ്ലിക് ചാനല്‍ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത് എന്നത് ആകസ്മികതയെന്ന് കരുതാനാവില്ല.

എഎംയു സംഘര്‍ഷങ്ങളുടെ കേന്ദ്രമായിത്തീരുകയാണ് ഇവരുടെ താത്പര്യം. യൂണിവേഴ്‌സിറ്റി രാജ്യസുരക്ഷക്ക് പോലും ഭീഷണിയാണെന്നും രാജ്യന്തരീയ തീവ്രവാദ ശക്തികളുടെ വിഹാരകേന്ദ്രമാണെന്നും ഇടതടവില്ലാതെ പറഞ്ഞു കൊണ്ടിരിക്കുകയാണ് പരിവാര്‍ അനുകുല ചാനല്‍. അലിഗറിനെ തകര്‍ക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ആസൂത്രിത ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവങ്ങള്‍.