Connect with us

Kerala

ഉപതിരഞ്ഞെടുപ്പ് ഫലം: 15 വാര്‍ഡുകള്‍ എല്‍ഡിഎഫിന്; യുഡിഎഫിന് 12; ഒരിടത്ത് ആർഎംപി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. എല്‍ഡിഎഫ് 15 ഇടത്തും യുഡിഎഫ് 12ഇടങ്ങളിലും വിജയിച്ചപ്പോള്‍ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. ഒരിടത്ത് യുഡിഎഫ് വിമതനും ഒരു സ്വതന്ത്രനും വിജയിച്ചു.

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം നേടി. പൂറത്തൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫിലെ സി ഒ ബാബുരാജാണ് വിജയിച്ചത്. 265 വോട്ടാണ് ഭൂരിപക്ഷം. യുഡിഎഫ് സിറ്റിംഗ് സീറ്റിലെ ജയത്തോടെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കും. 15 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് എട്ട് സീറ്റും യുഡിഎഫിന് ഏഴു സീറ്റുമായി. സിഎം പുരുഷോത്തമാനായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിലെ ടി പി അശോകന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം കാവനൂര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഹിന 40 വോട്ടിന് വിജയിച്ചു. പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായി.വണ്ടൂര്‍ ബ്ലോക്ക് ചെമ്പ്രശേരി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എച്ച് മൊയ്തീന്‍ വിജയിച്ചു.

കോഴിക്കോട് ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലില്‍ രണ്ട് വാര്‍ഡുകളും എല്‍ഡിഎഫ് നേടി. യുഡിഎഫും ആര്‍എംപിയും ഓരോ സീറ്റ് വീതം വിജയിച്ചു. കോട്ടൂര്‍ പഞ്ചായത്തിലെ നരയംകുളത്ത് സിപിഎമ്മിലെ ശ്രീനിവാസന്‍ മേപ്പാടി 299 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍ വാര്‍ഡില്‍ പി ആര്‍ രാകേഷ് 187 വോട്ടിന് വിജയിച്ചു. താമരശേരി പള്ളിപ്പുറം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്‌ലിം ലീഗിലെ എന്‍ പി മുഹമ്മദാലി 389 വോട്ടിന് വിജയിച്ചു. ഒഞ്ചിയം പുതിയോട്ടുങ്കണ്ടിയില്‍ ആര്‍എംപിയിലെ ഇ ശ്രീജിത് വിജയിച്ചു.

തൃശൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും എല്‍ഡിഎഫിന് ജയം. ചാഴൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡിലേക്കും അരിമ്പൂര്‍ പഞ്ചായത്തിലെ 12ാം വാര്‍ഡിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ജയം. ചാഴൂരില്‍ 208 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അനുഷ സുനിലും, അരിമ്പൂരില്‍ 354 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ജി.സജീഷും വിജയിച്ചു.

വയനാട് നെന്മേനി പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫാണ് വിജയം നേടിയത്. പത്മനാഭനാണ് 169 വോട്ടുകള്‍ക്ക് വിജയിച്ചത്. ഇതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകും. പട്ടികജാതിക്ക് സംവരണം ചെയ്ത പ്രസിഡണ്ട് സ്ഥാനത്തേക്ക് പത്മനാഭന്‍ ചുമതലയേല്‍ക്കും.കോട്ടയം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 17 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ഷിബു ചാക്കോ തോല്‍പ്പിച്ചത്. കഴിഞ്ഞ മൂന്നു തവണ എല്‍ഡിഎഫ് വിജയിച്ചിരുന്ന സീറ്റ് ആയിരുന്നു ഇത്. സിപിഐ പ്രതിനിധി അസുഖബാധിതനായതിനെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

കൊച്ചി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 52 ാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ജയം. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബൈജു തൊട്ടാളി 1686 വോട്ടുകള്‍ നേടിയപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥി നേടിയത് 1628 വോട്ടുകളാണ്. 58 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബൈജു നേടിയത്.

കുന്നുകര പഞ്ചായത്ത് ഭരണം യു ഡി എഫ് നിലനിര്‍ത്തി. തെരഞ്ഞെടുപ്പില്‍ യൂ ഡി എഫ് സ്ഥാനാര്‍ഥി ലിജി ജോസാണ് വിജയം നേടിയത്. കുന്നുകര പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടന്നത്.

ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മല്‍സരിച്ച ബി മെഹബൂബ് വിജയിച്ചു. 521 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.

കൈനകരി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ബീന വിനോദ് 105 വോട്ടുകള്‍ക്ക് വിജയിച്ചു.

പൂർണഫലം ഇങ്ങനെ:

എൽ.ഡി.എഫ് വിജയിച്ച വാർഡ്, സ്ഥാനാർത്ഥി, ഭൂരിപക്ഷം എന്ന ക്രമത്തിൽ: കൊല്ലം – ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് – പെരുമൺ ഡിവിഷൻ – ഗീതാ ബാലകൃഷ്ണൻ – 1055, പത്തനംതിട്ട – റാന്നി ഗ്രാമ പഞ്ചായത്ത് – പുതുശേരിമല പടിഞ്ഞാറ് – സുധാകുമാരി – 55, ആലപ്പുഴ – കായംകുളം മുനിസിപ്പാലിറ്റി – എരുവ – സുഷമ അജയൻ – 446, കൈനകരി ഗ്രാമപഞ്ചായത്ത് – ഭജനമഠം – ബീനാ വിനോദ് – 105, എറണാകുളം – കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ – വൈറ്റില ജനത – ബൈജു യേശുദാസ് – 58, തൃശൂർ – ചാഴൂർ ഗ്രാമ പഞ്ചായത്ത് – കോലോത്തുംകടവ് – അനുഷാ സുനിൽ – 208, അരിമ്പൂർ ഗ്രാമ പഞ്ചായത്ത് – വിളക്കുമാടം – സജീഷ്. സി. ജി – 354, പാലക്കാട് – തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് – കറുകപുത്തൂർ – ടി.പി.സലാമു – 248, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് – ലില്ലി – അംബിക. പി – 46, മലപ്പുറം – തിരൂർ ബ്ലോക്ക് പഞ്ചായത്ത് -പുറത്തൂർ – സി.ഒ. ബാബുരാജ് – 265, കോഴിക്കോട് – പുതുപ്പാടി ഗ്രാമ പഞ്ചായത്ത് – വെസ്റ്റ് കൈതപ്പൊയിൽ – രാകേഷ്. പി. ആർ – 187, കോട്ടൂർ ഗ്രാമ പഞ്ചായത്ത് – നരയംകുളം – ശ്രീനിവാസൻ മേപ്പാടി – 299, കണ്ണൂർ – കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് – എളമ്പാറ – ആർ.കെ.കാർത്തികേയൻ – 269, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി – കാവുമ്പായി – ഇ.രാജൻ – 245, കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് – വെള്ളാംഞ്ചിറ – കെ.മോഹനൻ – 639.

യു.ഡി.എഫ് വിജയിച്ചവ: തിരുവനന്തപുരം – കള്ളിക്കാട് ഗ്രാമപഞ്ചായത്ത് – ചാമവിളപ്പുറം – സദാശിവൻ കാണി – 145, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് – പ്ലാമ്പഴിഞ്ഞി – റ്റി.പ്രഭ – 193, ആലപ്പുഴ – കരുവാറ്റ ഗ്രാമപഞ്ചായത്ത് – നാരായണ വിലാസം – സുകുമാരി – 108, കോട്ടയം – നീണ്ടൂർ ഗ്രാമപഞ്ചായത്ത് – കൈപ്പുഴ പോസ്റ്റാഫീസ് – ഷിബു ചാക്കോ – 17, എറണാകുളം – ഒക്കൽ ഗ്രാമപഞ്ചായത്ത് – ചേലാമറ്റം – ജീനാ ബെന്നി – 60, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് – പ്ലാമുടി – ബിൻസി എൽദോസ് – 14, കുന്നുകര ഗ്രാമപഞ്ചായത്ത് – കുന്നുകര ഈസ്റ്റ് – ലിജി ജോസ് – 328, പാലക്കാട് – പാലക്കാട് മുനിസിപ്പാലിറ്റി – കൽപ്പാത്തി – വിബിൻ.പി.എസ്സ് – 421, അഗളി ഗ്രാമ പഞ്ചായത്ത് – പാക്കുളം – ജയറാം – 14, മലപ്പുറം – വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് – ചെമ്പ്രശ്ശേരി – റ്റി.എച്ച്. മൊയ്തീൻ – 311, കോഴിക്കോട് – താമരശ്ശേരി ഗ്രാമപഞ്ചായത്ത് – പള്ളിപ്പുറം – എൻ.പി.മുഹമ്മദലി മാസ്റ്റർ – 369, വയനാട് – നെ•േനി ഗ്രാമപഞ്ചായത്ത് – മംഗലം – കെ.സി.പത്മനാഭൻ – 161.

ആർ.എം.പി വിജയിച്ചത് – കോഴിക്കോട് – ഒഞ്ചിയം ഗ്രാമപഞ്ചായത്ത് – പുതിയോട്ടുംകണ്ടി – പി. ശ്രീജിത്ത് – 308.

സ്വതന്ത്രർ വിജയിച്ചവ: ആലപ്പുഴ – ആലപ്പുഴ മുനിസിപ്പാലിറ്റി – ജില്ലാകോടതി – ബി. മെഹബൂബ് – 524, മലപ്പുറം – കാവനൂർ ഗ്രാമപഞ്ചായത്ത് – ഇളയൂർ – ഷാഹിന – 40.

വൈറ്റിലജനത, ലില്ലി, പുറത്തൂർ എന്നീ വാർഡുകൾ യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ചാമവിളപ്പുറം, നാരായണവിലാസം, കൈപ്പുഴ പോസ്റ്റോഫീസ്, പ്ലാമുടി, മംഗലം വാർഡുകൾ എൽ.ഡി.എഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.  ജില്ലാക്കോടതി, ഇളയൂർ വാർഡുകൾ യുഡിഎഫിൽ നിന്നാണ് സ്വതന്ത്രർ നേടിയത്. എൽഡിഎഫ് – 17 യുഡിഎഫ് – 12 ആർഎംപി – 1 എന്നിങ്ങനെയായിരുന്നു നിലവിലെ കക്ഷിനില.

Latest