മെയ്യനങ്ങാതെ ശമ്പളം പറ്റുന്നവര്‍ സെക്രട്ടേറിയറ്റിലും

Posted on: February 15, 2019 1:24 pm | Last updated: February 15, 2019 at 1:24 pm

ഓഫീസിലെത്തി ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ജോലിയെടുക്കാതെ രാഷ്ട്രീയ, യൂനിയന്‍ പ്രവര്‍ത്തനവുമായി അലഞ്ഞുനടക്കുന്ന കെ എസ് ആര്‍ ടി സി ജീവനക്കാരെക്കുറിച്ച് ഇതിനിടെ നാം ധാരാളം കേട്ടു. ഇവരെ പണിയെടുപ്പിക്കാന്‍ തുനിഞ്ഞതിനാണ് ടോമിന്‍ തച്ചങ്കരിക്ക് പുറത്തു പോകേണ്ടി വന്നത്. ഇങ്ങനെ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവര്‍ സെക്രട്ടേറിയറ്റിലുമുണ്ടെന്നാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി പറയുന്നത്. ഇവര്‍ സമയത്ത് തന്നെ സ്ഥലത്തെത്തി പഞ്ച് ചെയ്യും. പിന്നീട് ആള്‍ സ്ഥലത്തുണ്ടെന്ന് തോന്നിപ്പിക്കാനായി ബാഗ് മേശപ്പുറത്ത് വെച്ച് പുറത്തു പോകും. യൂനിയന്‍ പ്രവര്‍ത്തനം അടക്കമുള്ള പരിപാടികള്‍ കഴിഞ്ഞ് അഞ്ച് മണിക്ക് കൃത്യമായി തിരിച്ചു വന്ന് ഡ്യൂട്ടി അവസാനിക്കുന്ന സമയത്തെ പഞ്ചിംഗ് രേഖപ്പെടുത്തുക മാത്രമല്ല, ചില അതിവിരുതന്മാര്‍ രാവിലെ എട്ട് മണിക്ക് തന്നെ പഞ്ച് ചെയത് രണ്ട് മണിക്കൂര്‍ അധികജോലി ചെയ്തതായി രേഖകളില്‍ അടയാളപ്പെടുത്തി കൂടുതല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു.

ഇവരെ മര്യാദ പഠിപ്പിച്ചു സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ. പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു പിടികൂടുകയും കര്‍ക്കശമായ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി. നിരവധി പേര്‍ പഞ്ചിംഗ് ചെയ്ത് മുങ്ങുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എന്നാല്‍, ഈ ലക്ഷ്യത്തില്‍ അദ്ദേഹത്തിന് എത്രത്തോളം മുന്നോട്ടു പോകാനാകുമെന്നും ഭരണതലത്തില്‍ നിന്ന് എത്രമാത്രം പിന്തുണ ലഭിക്കുമെന്നും കണ്ടറിയണം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പഞ്ചിംഗ് ശമ്പളവുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് വന്നതിന് പിന്നാലെ ജോലിക്ക് വൈകിയെത്തിയതിന് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതാണ് പൊതുഭരണ വകുപ്പ്. എന്തുകൊണ്ടാണ് ജോലിക്കെത്താന്‍ വൈകിയതെന്ന് വിശദമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള മൂവായിരത്തോളം ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച ഈ നടപടി ഒരു വിഭാഗം ജീവനക്കാരുടെ കടുത്ത പ്രതിഷേധത്തിനിടയാവുകയും അവസാനം വെബ്‌സൈറ്റില്‍ ഇട്ട നോട്ടീസ് സെക്രട്ടറിക്ക് പിന്‍വലിക്കേണ്ടി വരികയും ചെയ്തിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് അധികാരത്തിലേറിയ ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഫയലുകള്‍ കൃത്യ സമയത്ത് കൈകാര്യം ചെയ്യേണ്ടതിന്റെ അനിവാര്യതയും ഫയലുകള്‍ താമസിപ്പിക്കുന്നത് ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങളും ബോധ്യപ്പെടുത്തി. സര്‍ക്കാര്‍ ഓഫീസിലെത്തുന്ന ഓരോ ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളത്. ആ ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ എഴുതുന്ന കുറിപ്പാകും ഒരുപക്ഷേ അവരില്‍ അപൂര്‍വം ചിലരെങ്കിലും തുടര്‍ന്ന് ജീവിക്കണോ മരിക്കണോ എന്നു പോലും നിശ്ചയിക്കുന്നതെന്നും അദ്ദേഹം ഉണര്‍ത്തി. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് സംവിധാനം കര്‍ക്കശമാക്കി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഒരു മാസത്തില്‍ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം വൈകിയാല്‍ ഒരു ദിവസത്തെ ശമ്പളവും മൂന്ന് മണിക്കൂറിന് താഴെയാണെങ്കില്‍ അര ദിവസത്തെ ശമ്പളവും കട്ട് ചെയ്യുമെന്നും അന്ന് ഇറക്കിയ ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് നടപ്പാക്കാനുള്ള ആര്‍ജവം ഇന്നു വരെയും ബന്ധപ്പെട്ടവര്‍ കാണിച്ചിട്ടില്ല.

കഴിഞ്ഞ ഒക്‌ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷം ഫയലുകളാണ്. കെ എസ് ശബരീനാഥന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയതാണ് ഈ കണക്ക്. ഗുരുതരമായ പ്രയാസങ്ങളില്‍ അകപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ എത്തുന്ന അപേക്ഷകളുടെ സ്ഥിതി പോലും ഭിന്നമല്ല. 201617 വര്‍ഷത്തില്‍ പരിഹാര സെല്ലില്‍ എത്തിയ 12,004 പരാതികളില്‍ 1,341 എണ്ണത്തില്‍ മാത്രമാണ് തീര്‍പ്പാക്കിയതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഫയല്‍ തീര്‍പ്പാക്കാന്‍ മൂന്ന് മാസത്തിലൊരു ദിവസം ഫയല്‍ അദാലത്തിനായി പ്രത്യേകം നീക്കി വെക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കാതെ തന്നെ ഉദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്താല്‍ തീര്‍പ്പാക്കാവുന്നതല്ലേയുള്ളൂ സെക്രട്ടേറിയറ്റില്‍ എത്തുന്ന ഫയലുകള്‍? ഒരു പറ്റം ജീവനക്കാര്‍ പഞ്ച് ചെയ്ത് ജോലി ചെയ്യാതെ കറങ്ങിനടക്കുന്നതും കസേരയില്‍ അലസരായി സമയം കളയുന്നതുമാണ് ഇത്രയുമേറെ ഫയലുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നത്. ജീവനക്കാരില്‍ നല്ലൊരു വിഭാഗം യഥാസമയത്ത് ഓഫീസിലെത്തി കൃത്യനിര്‍വഹണത്തില്‍ മുഴുകുകയും സമയം നോക്കാതെ സന്ധ്യവരെ ചിലപ്പോള്‍ രാത്രിയിലും ജോലിചെയ്ത് ഫയലുകള്‍ പരമാവധി തീര്‍പ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. അവരെക്കൊണ്ടാണ് ഇപ്പോഴത്തെ സ്ഥിതിയിലെങ്കിലും ഫയലുകള്‍ നീങ്ങുന്നത്. ഇവരെ വിഡ്ഢികളാക്കുകയാണ് മുങ്ങി നടക്കുന്ന ഉദ്യോഗസ്ഥ വിഭാഗം. അത്തരക്കാരെ പണിയെടുപ്പിക്കാന്‍ കാലാകാലങ്ങളില്‍ വന്ന സര്‍ക്കാറുകളും ഉദ്യോഗസ്ഥ മേധാവികളും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ട ചരിത്രമേയുള്ളൂ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി തുടക്കത്തില്‍ നടത്തിയ ചില നീക്കങ്ങള്‍ പ്രതീക്ഷയുണര്‍ത്തിയിരുന്നു. ആ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണിപ്പോള്‍.