കാന്തപുരം ഇറാഖില്‍; ലോക ഖുര്‍ആന്‍ സമ്മേളനത്തില്‍ പങ്കെടുക്കും

Posted on: February 15, 2019 12:26 pm | Last updated: February 15, 2019 at 12:27 pm

കോഴിക്കോട്: ഇറാഖ് ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന ലോക ഖുര്‍ആന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ബാഗ്ദാദില്‍. ഇറാഖ് സുന്നി പണ്ഡിത സംഘടന ഹെഡ് ഡോ. അബ്ദുല്ലത്തീഫ് അല്‍ ഹിമയിo കാന്തപുരത്തെ സ്വീകരിച്ചു. ബാഗ്ദാദില്‍ നടക്കുന്ന സമ്മേളനത്തില്‍ ‘ഖുര്‍ആനിന്റെ ആഗോള പഠനങ്ങളുടെ ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ കാന്തപുരം സംസാരിക്കും. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവരും സമ്മേളനത്തില്‍ പ്രസംഗിക്കും.

മര്‍കസ് ശരീഅ ഡിപ്പാര്‍ട്ടമെന്റ് പ്രഫസര്‍മാരായ ഡോ. എ.എ ഹകീം സഅദി കരുനാഗപ്പള്ളി, പിലാക്കല്‍ ബസ്വീര്‍ സഖാഫി, റഹീം സഖാഫി എന്നിവര്‍ വിവിധ ഖുര്‍ആനിക വിഷയങ്ങളെ അധികരിച്ചു പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രധാന പണ്ഡിതരും ആധ്യാത്മിക നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. ഇസ്ലാമിക ലോകത്തെ ഔലിയാക്കളുടെ കേന്ദ്രവും, ജ്ഞാന മുന്നേറ്റത്തിന് വലിയ സംഭാവനകള്‍ അര്‍പ്പിച്ച നഗരവുമായ ബാഗ്ദാദില്‍ സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തില്‍ സംബന്ധിക്കാന്‍ സാധിക്കുന്നത് അനുഗ്രഹമാണെന്നും, ഖുര്‍ആനുമായി ബന്ധപ്പെട്ട സമകാലികമായ സംവാദങ്ങളെയും ഇസ്ലാമിന്റെ യഥാര്‍ത്ഥ നിലപാടിനെയും കുറിച്ച് സമ്മേളനത്തില്‍ സംസാരിക്കുമെന്നും കാന്തപുരം പറഞ്ഞു.