Connect with us

Kerala

മുസ്‌ലിം ലീഗിലെ ഉന്നതര്‍ അടക്കം ഐഎന്‍എല്ലിലേക്ക്

Published

|

Last Updated

കോഴിക്കോട്: അധികാരം മാത്രം ലക്ഷ്യമാക്കുന്ന മുസ്‌ലിം ലീഗിന്റെ വഞ്ചനാപരമായ നിലപാട് ആ പാര്‍ട്ടിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയെന്നും ലീഗിലെ ഉന്നതര്‍ അടക്കം പല കക്ഷികളില്‍ നിന്നും പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നും ഐ എന്‍ എല്‍. ലീഗിന്റെ തലപ്പത്തുള്ളവര്‍ പലരും കാത്തിരിക്കുകയാണ്. മറ്റു പലരും തയ്യാറായിട്ടുണ്ട്. കാരാട്ട് റസാഖ്, വി അബ്ദുറഹ്മാന്‍ തുടങ്ങിയ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ ചില വിഷയങ്ങളുണ്ട്. നിയമസഭാ സ്പീക്കറുമായും ഇടതു മുന്നണിയുമായും ചര്‍ച്ച ചെയ്ത ശേഷമേ അക്കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂ. കെ ടി ജലീല്‍ വരുന്ന കാര്യവും ചര്‍ച്ച ചെയ്‌തേ തീരുമാനിക്കൂ. വി അബ്ദുര്‍റഹ്്മാന്‍ ലയനത്തിന് അനുകൂലമാണെന്നും ചോദ്യത്തിനു മറുപടിയായി നേതാക്കള്‍ പറഞ്ഞു.

ഇടതു മുന്നണിയിലെത്തിയാലും മതത്തിന്റെയും വിശ്വാസത്തിന്റെയും കാര്യങ്ങള്‍ തുറന്നു പറയും. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിശ്വാസം ഹനിക്കുന്ന നിലപാടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. പി ടി എ റഹീം എം എല്‍ എ നേതൃത്വം നല്‍കുന്ന നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സും (എന്‍ എസ് സി) ഇന്ത്യന്‍ നാഷണല്‍ ലീഗും (ഐ എന്‍ എല്‍) തമ്മിലുള്ള ലയന സമ്മേളനം മാര്‍ച്ച് 30 ന് കോഴിക്കോട്ട് നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും പാരസ്പര്യത്തിലൂന്നിയ ജീവിത സംസ്‌കാരവും കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ഇടതു മതേതര ശക്തികള്‍ വിപുലപ്പെടേണ്ടതുണ്ടെന്നതിനാലാണ് ലയനമെന്നും എന്‍ എസ് സി ചെയര്‍മാന്‍ പി ടി എ റഹീ എം എല്‍ എ, ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കി.

ഇടതുമുന്നണിയില്‍ ചേരാനുള്ള നിബന്ധനയല്ല ലയനം. സി പി എം പറഞ്ഞതു കൊണ്ടുമല്ല ലയനമെന്നും നേതാക്കള്‍ പറഞ്ഞു. ഐ എന്‍ എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി, സെക്രട്ടറി നാസര്‍ കോയ തങ്ങള്‍, എന്‍ എസ് സി ജനറല്‍ സെക്രട്ടറി ജലീല്‍ പുനലൂര്‍, സെക്രട്ടറി ഒ പി ഐ കോയ, പി പോക്കര്‍ മാസ്റ്റര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Latest