Connect with us

National

മോദി വീണ്ടും പ്രധാനമന്ത്രിയാകണം; അപ്രതീക്ഷിത പ്രസ്താവനയുമായി മുലായം

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നതായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളനത്തിന്റെ സമാപന ദിവസമാണ് മുലായം അപ്രതീക്ഷിതമായി ഇക്കാര്യം പറഞ്ഞത്. “അടുത്ത ലോക്‌സഭയിലും ഇപ്പോഴുള്ള അതേ എംപിമാരെത്തന്നെ ഇവിടെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന് ഒരു അവസരം കൂടി ലഭിക്കണം. ഓരോ ആവശ്യവുമായി എപ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടോ, അപ്പോഴെല്ലാം പെട്ടെന്നുതന്നെ അതു ചെയ്തുതന്നിട്ടുണ്ട്”- മുലായം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ രാഷ്ട്രീയ പ്രതിയോഗികളായ ബിഎസ്പിയുമായി എസ് പി കൈകോര്‍ത്തിരിക്കുന്ന വേളയിലാണ് മോദി സ്തുതിയുമായി മുലായം രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവാണെങ്കിലും കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ മകന്‍ അഖിലേഷ് യാദവുമായി മുലായം അത്ര രസത്തിലല്ല.

മുലായത്തിന്റെ പ്രസ്താവന സഭയിലുണ്ടായിരുന്ന ബിജെപി അംഗങ്ങള്‍ കൈയടിയോടെ വരവേറ്റു. പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ മോദി കൈകൂപ്പി മുലായത്തിന് നന്ദി അറിയിച്ചു. സോണിയാ ഗാന്ധിയുടെ തൊട്ടടുത്തുനിന്നാണ് മുലായത്തിന്റെ പ്രസ്താവന. ചെറു ചിരിയോടെയാണ് സോണിയ മുലായത്തിന്റെ വാക്കുകള്‍ ശ്രവിച്ചത്.