മൂന്നാറില്‍ പഞ്ചായത്ത് കെട്ടിട നിര്‍മാണത്തിന് ഹൈക്കോടതി സ്റ്റേ

Posted on: February 13, 2019 3:37 pm | Last updated: February 13, 2019 at 8:00 pm

കൊച്ചി: മൂന്നാര്‍ പഞ്ചായത്ത് നടത്തുന്ന കെട്ടിട നിര്‍മാണത്തിന് ഹൈക്കോടതി സ്റ്റേ. പൊതുതാത്പര്യ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. കോടതി നിര്‍മാണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശത്ത് കെട്ടിടം പണിയാന്‍ പഞ്ചായത്തിന് ആര് അധികാരം കൊടുത്തുവെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

കണ്ണന്‍ ദേവന്‍ കമ്പനിക്ക് പാര്‍ക്കിംഗിനായി നല്‍കിയിരുന്ന പ്രദേശത്ത് പഞ്ചായത്തിന് കെട്ടിടം പണിയാന്‍ അധികാരമില്ലെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചത്. ഇതോടെ ഹര്‍ജിയില്‍ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്്, ജില്ലാ പഞ്ചായത്ത് അംഗം, എംഎല്‍എ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാനും ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. മൂന്നാറിലെ അനധികൃത നിര്‍മാണത്തിനെതിരെ സര്‍ക്കാറും ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നു.

ദേവികുളം എല്‍എല്‍എ എസ് രാജേന്ദ്രന്‍ അടക്കം അഞ്ച് പേരെ എതിര്‍കക്ഷികളാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍, കോണ്‍ട്രാക്ടര്‍ ചിക്കു, ജില്ലാ പഞ്ചായത്ത് അംഗം എന്നിവരാണ് മറ്റ് എതിര്‍കക്ഷികള്‍. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ് സര്‍ക്കാറിന് വേണ്ടി ഹരജി സമര്‍പ്പിച്ചത്. നിര്‍മാണം വിലക്കിയിരുന്നതാണെന്നും പണികള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ഹര്‍ജിക്കാരനൊപ്പം സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജിയും ഇനി ഒരുമിച്ചാകും പരിഗണിക്കുക.