ഡല്‍ഹിയിലെ തീപ്പിടിത്തം: മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

Posted on: February 13, 2019 3:30 pm | Last updated: February 13, 2019 at 3:30 pm

കൊച്ചി: ഡല്‍ഹിയിലെ കരോള്‍ബാഗില്‍ ഹോട്ടലിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളിയായ സ്ത്രീയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ചേരാനെല്ലൂര്‍ പനേലില്‍ നളിനി അമ്മ (84), മക്കള്‍ പി സി വിദ്യാസാഗര്‍ (59), പി സി ജയശ്രീ (53) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ എട്ടരയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. ഹൈബി ഈഡന്‍ എം എല്‍ എ, ചേരാനെല്ലൂര്‍, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.

മൃതദേഹങ്ങള്‍ വസതിയിലെത്തിച്ച് പൊതു ദര്‍ശനത്തിനു വച്ചു. ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ട നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. പിന്നീട് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് ഇവര്‍ താമസിച്ചിരുന്ന കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ തീപ്പിടിത്തമുണ്ടായത്.