Connect with us

Ongoing News

സംസ്‌കാരം തകര്‍ക്കുന്നുവെന്ന് ആരോപണം; ടിക് ടോക് നിരോധിക്കുന്നു

Published

|

Last Updated

ചെന്നൈ: ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനായ ടിക്ക്‌ടോക്ക് സമൂഹത്തില്‍ യുവതീ യുവാക്കളുടെ സംസ്‌കാരത്തിന് അപചയം സൃഷ്ടിക്കാന്‍ കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായുളള നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഐടി മന്ത്രി എം മണികണ്ഠന്‍ നിയമസഭയെ അറിയിച്ചു. ടിക് ടോക് നിരോധനം നടപ്പിലാക്കുന്നതിനായി കേന്ദ്രവുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് യുവാക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യത ലഭിച്ച മൊബൈല്‍ ആപ്ലിക്കേഷനാണ് ടിക് ടോക്. സിനിമാ ഡയലോഗുകളും പാട്ടുകളും ചേര്‍ത്ത് അഭിനയിച്ചും ദൈര്‍ഘ്യം കുറഞ്ഞ വീഡിയോകള്‍ ചിത്രീകരിച്ചും പോസ്റ്റ്‌ ചെയ്യാനാണ് ടിക് ടോക്
ഉപയോഗിക്കുന്നത്. ടിക് ടോക് വീഡിയോകളില്‍ അശ്ലീലം കൂടിവരുന്നതായി ആരോപണം ഉയര്‍ന്ന് വന്നിരുന്നു. നില്ല് നില്ല് ചലഞ്ച് പോലോത്ത അപകടകരമായ ടിക് ടോക് വീഡിയോകള്‍ കേരളത്തിലും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ടിക് ടോക്കിലൂടെ ചൂഷണത്തിന് വിധേയമാകുന്നുവെന്ന മുന്നൂറിലധികം പരാതികളാണ് കുട്ടികളുടെ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് ലഭിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ടിക്ക്‌ടോക്കില്‍ സ്ത്രീയായി വേഷമണിഞ്ഞതിനാല്‍ പരിഹാസം ഏറ്റുവാങ്ങിയ ഇരുപത്തിമൂന്നുകാരന്‍ മധുരയില്‍ മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.

Latest