Connect with us

National

റഫാല്‍: കടലാസു വിമാനങ്ങള്‍ പറത്തി കോണ്‍ഗ്രസ് പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി: യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി പാര്‍ലിമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് എംപിമാരുടെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ പ്രതിഷേധിച്ചത്. യു പി എ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ കെ ആന്റണി, കെ സി വേണുഗോപാല്‍ തുടങ്ങി നിരവധി നേതാക്കള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

ചൗക്കീദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുകേഷ് അംബാനി, റഫാല്‍ യുദ്ധ വിമാനം തുടങ്ങിയ ചിത്രങ്ങളുയര്‍ത്തിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും പ്രതീകാത്മകമായി കടലാസ് കൊണ്ടുണ്ടാക്കിയ വിമാനങ്ങള്‍ പറത്തുകയും ചെയ്തു.

നേരത്തെ, കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മോദിക്കെതിരെ കടുത്ത വിമര്‍ശനമാണ് നേതാക്കള്‍ ഉയര്‍ത്തിയത്. മോദി ഇന്ത്യന്‍ ജനതയെ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നും കബളിപ്പിക്കലും വീമ്പിളക്കലും ഭീഷണിപ്പെടുത്തലുമാണ് മോദി സര്‍ക്കാറിന്റെ മുഖമുദ്രയെന്നും സോണിയാ ഗാന്ധി പറഞ്ഞു.

റഫാല്‍ വിഷയത്തില്‍ മോദി ലജ്ജയില്ലാതെ നുണ പറയുകയാണ്. രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. മോദിയുടെ അഞ്ച് വര്‍ഷത്തെ ദുര്‍ഭരണം സമൂഹത്തെ ക്ഷീണിപ്പിച്ചുവെന്നും സോണിയ കുറ്റപ്പെടുത്തി. ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിക്കെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്.

.