ഡല്‍ഹിയിലും യു പിയിലും തീപ്പിടിത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

Posted on: February 13, 2019 10:55 am | Last updated: February 13, 2019 at 12:14 pm

പശ്ചിംപുരി: ഡല്‍ഹിയില്‍ വീണ്ടും തീപ്പിടിത്തം. പശ്ചിംപുരിയിലെ ചേരിയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ 250ഓളം വീടുകള്‍ കത്തിനശിക്കുകയും നിരവധി പേര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്തു. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 26 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍
ക്യൂട്ടാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

യു പിയില്‍ ബഹ്‌റായിച്ചിലെ കോത്‌വാലി ദേഹത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചേരിപ്രദേശത്തും ഇന്നലെ രാത്രി തീപ്പിടിത്തമുണ്ടായി. ഇവിടെയും വീടുകള്‍ കത്തിനശിച്ചിട്ടുണ്ട്. ഒരു സ്ത്രീക്കു പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തീയണക്കുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

ചൊവ്വാഴ്ച ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചിരുന്നു. കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. ഒരു കല്യാണത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മലയാളി സംഘം.
ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇരുപതോളം ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.