പണിമുടക്കിയവര്‍ക്ക് അവധി നല്‍കാന്‍ ഉത്തരവ്; ജോലി ചെയ്യാതെ ശമ്പളം

Posted on: February 12, 2019 9:09 pm | Last updated: February 12, 2019 at 11:25 pm

തിരുവനന്തപുരം: ദേശീയ പണിമുടക്ക് നടന്ന കഴിഞ്ഞമാസം എട്ട്, ഒമ്പത് തീയതികളില്‍ ജോലിക്കെത്താത്തവര്‍ക്ക് അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇതേദിവസങ്ങളില്‍ ഹാജരാകാതിരുന്ന ജീവനക്കാര്‍ക്ക് ആക്‌സമിക അവധി ഉള്‍പ്പടെ അര്‍ഹതപ്പെട്ട അവധി അനുവദിക്കാനാണ് തീരുമാനം. പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലകാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

അധ്യാപകരും മറ്റ് വകുപ്പുകളിലെ ജീവനക്കാരുമായി 95 ശതമാനം പേരും പണിമുടക്ക് ദിവസങ്ങളില്‍ ജോലിക്ക് ഹാജരായിരുന്നില്ല. രണ്ട് ദിവസത്തെ ശമ്പളമായി ഇത്രയും ജീവനക്കാര്‍ക്ക് 153 കോടി രൂപയാണ് നല്‍കേണ്ടത്. ജോലിക്ക് ഹാജരാകാതിരുന്ന ഇത്രയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്.

പ്രളയക്കെടുതിയില്‍നിന്ന് കേരളത്തിന് കരകയറാന്‍ ചെലവു ചുരുക്കല്‍ നടത്തുന്നതിനിടെ ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തുന്നതിന് പകരം അവധി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്.