പ്രിയങ്കയുടെ റോഡ് ഷോക്കിടെ മോഷ്ടാക്കളുടെ വിളയാട്ടം; കവര്‍ന്നത് കോണ്‍ഗ്രസ് നേതാക്കളുടെതുള്‍പ്പടെ അമ്പതിലധികം ഫോണുകള്‍

Posted on: February 12, 2019 7:57 pm | Last updated: February 12, 2019 at 7:57 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍ പ്രദേശില്‍ നടത്തിയ റോഡ് ഷോക്കിടെ മോഷ്ടാക്കള്‍ കവര്‍ന്നത് അമ്പതിലധികം പേരുടെ മൊബൈല്‍ ഫോണുകളും പേഴ്‌സുകളും. മോഷണത്തിനിരയായവര്‍ സരോജിനി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

സെല്‍ ഫോണുകള്‍ നഷ്ടപ്പെട്ടവരില്‍ സംസ്ഥാനത്തെ അസിസ്റ്റന്റ് സിറ്റി മജിസ്‌ട്രേറ്റും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടും. ലഖ്‌നൗ വിമാനത്താവളത്തിനടുത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ സംസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനത്തു സമാപിക്കുന്നതിനിടെയാണ് മോഷണം നടന്നത്.

റോഡ് ഷോക്കിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മറ്റു നിരവധി പേര്‍ പരാതിയുമായി എത്തിയത്. അന്വേഷണം നടന്നുവരികയാണെന്ന് ഒരു സൈബര്‍ സെല്‍ വിദഗ്ധന്‍ അറിയിച്ചു.