Connect with us

Health

കൊതുകിനെ തുരത്താം; ഈ വഴികളിലൂടെ

Published

|

Last Updated

പകര്‍ച്ചവ്യാധികള്‍ പരത്തുന്നതില്‍ കൊതുകുകള്‍ക്ക് പ്രധാന പങ്കുണ്ട്. മലേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ എല്ലാം പടര്‍ന്നുപിടിക്കാന്‍ കാരണം കൊതുകുകളാണ്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് കൊതുക് നശീകരണം ആവശ്യമാണ്. കൊതുകുകളെ പൂര്‍ണ്ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും അവയുടെ വ്യാപനം കുറക്കാന്‍ കഴിയും. ഗവണ്‍മെന്റ് തലത്തിലോ പ്രാദേശികതലത്തില്‍ കൈകൊള്ളുന്ന നടപടികളിലൂടെയോ മാത്രം കൊതുക് നശീകരണം സാധ്യമാവില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും സാനിറ്റേഷന്‍ സൗകര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്യുക എന്നത് ഓരോ പൗരനും കടമയായി കാണേണ്ടതുണ്ട്.

കൊതുക് നശീകരണത്തിനായി താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • വീടിനുള്ളിലെ ടോയ്ലറ്റുകളിലും മുറിയുടെ മൂലകളിലും കൊതുകുകള്‍ പറ്റിക്കൂടി കഴിയും. ഈ സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും കൊതുകുകളെ നശിപ്പിക്കേണ്ടതുമാണ്.
  • വീട്ടിലെ സെപ്റ്റിക് ടാങ്കിന്റെയും സ്ലാബുകളുടെയും ഇടകളിലും വശങ്ങളിലുമുള്ള വിടവുകള്‍ സിമന്റ് ഉപയോഗിച്ച് അടക്കുക.
  • കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ ടെറസ്സിലും സണ്‍ഷേഡിലും മറ്റും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക.
  • വീടിന്റെ പരിസരത്തുനിന്നും ചിരട്ട, പ്ലാസ്റ്റിക് പാത്രങ്ങള്‍, പൊട്ടിയ കുപ്പികള്‍, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കൂടുകള്‍ തുടങ്ങി വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ളവയെല്ലാം നശിപ്പിക്കുക.
  • വീടിന്റെ പരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്ന കുഴികള്‍ നികത്തുക.
  • കിണറും വാട്ടര്‍ ടാങ്കുകളും വല കൊണ്ട് മൂടുക.
  • കൊതുകിന്റെ കൂത്താടികള്‍ കഴിയുന്ന വെള്ളത്തില്‍ മിലാത്തിയോണ്‍ പോലെയുള്ള കീടനാശിനികള്‍ സ്‌പ്രേ ചെയ്യുക.
  • കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഡീസല്‍, മണ്ണെണ്ണ എന്നിവ ഒഴിക്കുക.
  • കൂത്താടികളെ തിന്നുന്ന ഗപ്പി പോലുള്ള മത്സ്യങ്ങളെ വളര്‍ത്തുക.
  • കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൈകാലുകള്‍ മൂടിക്കിടക്കുന്ന വിധമുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
  • കൊതുകുകടി തടയാന്‍ കൊതുകുവല ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. കൊതുകുതിരി, വേപ്പറൈസര്‍ എന്നിവയിലെ രാസപദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്.
  • വീടിന്റെ കതക്, ജനല്‍, വെന്റിലേറ്റര്‍ എന്നിവയില്‍ നെറ്റ് തറയ്ക്കുക.
  • വീടിനുള്ളില്‍ കുന്തിരിക്കം, അഷ്ടഗന്ധം, രാമച്ചം, സാമ്പ്രാണി തുടങ്ങിയവ പുകയ്ക്കുന്നത് കൊതുകുകളെ അകറ്റിനിര്‍ത്തും. ആരോഗ്യത്തിന് ദോഷകരവുമല്ല.