Connect with us

Malappuram

ആ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ? -VIDEO

Published

|

Last Updated

മലപ്പുറം: കേരളത്തിലെ പ്രളയകാലത്ത് ദാരുണമായ നിരവധി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടത്. പ്രളയത്തിന്റെ ഭീതിപ്പെടുത്തുന്ന ചിത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. പ്രളയത്തിന്റെ ഭീകരത രാജ്യാന്തരശ്രദ്ധ നേടിയത് സോഷ്യല്‍ ലോകത്ത് പ്രചരിച്ച ഇത്തരം ദൃശ്യങ്ങളിലൂടെയായിരുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നു മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ജലപ്രളയത്തില്‍ റോഡ് രണ്ടായി പിളര്‍ന്ന് കുത്തിയൊലിച്ച് പോകുന്ന കാഴ്ച.

എന്നാല്‍ 25 ലക്ഷം രൂപ ചെലവഴിച്ച് യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് പുനര്‍നിര്‍മിച്ച പുതിയ റോഡിന്റെ വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ലഘു കുറിപ്പിനൊപ്പം വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടിയന്തരമായി നടക്കേണ്ടിയിരുന്ന 4,429 കിലോ മീറ്റര്‍ റോഡ് അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചു. 164 പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്. 3,148കിലോ മീറ്റര്‍ റോഡ് പുനരുദ്ധാരണത്തിനുള്ള 429 പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ദീര്‍ഘകാല അടിസ്ഥാനത്തിലുളള വികസനം ലക്ഷ്യമിടുന്ന ഡിസൈന്‍ഡ് റോഡുകളുടെ നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുളള 63 പ്രവൃത്തികളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വെള്ളം കുത്തിയൊലിച്ചു വന്നപ്പോള്‍ ഒരു റോഡ് തകര്‍ന്നു വീണ ദൃശ്യങ്ങള്‍ നാം മറക്കാനിടയില്ല. പ്രളയത്തിന്റെ രൗദ്രഭാവം കാട്ടിത്തന്ന ദൃശ്യങ്ങള്‍. മലപ്പുറം ജില്ലയിലെ വണ്ടൂര്‍- നടുവത്ത്- വടക്കും പാടം റോഡായിരുന്നു ഗതാഗതസൗകര്യം തന്നെ ഇല്ലാതാക്കി തകര്‍ന്നു വീണത്. തകര്‍ന്നു വീണതിനു പിന്നാലെ സൈന്യത്തിന്റെ സഹായത്തോടെ താത്ക്കാലികമായി നടപ്പാലം ഒരുക്കി. ആ റോഡ് ഇന്ന് പൂര്‍ണ്ണമായും ഗതാഗതയോഗ്യമായിരിക്കുന്നു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് പുനര്‍നിര്‍മ്മിച്ചത്.

പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെയും പാലത്തിന്റേയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെമ്പാടും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പ്രളയകാലത്ത് പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേര്‍ന്നാണ് റോഡ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടിയന്തരമായി നടക്കേണ്ടിയിരുന്ന 4,429 കിലോ മീറ്റര്‍ റോഡ് അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചു. 164 പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്. 3,148കിലോ മീറ്റര്‍ റോഡ് പുനരുദ്ധാരണത്തിനുള്ള 429 പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ദീര്‍ഘകാല അടിസ്ഥാനത്തിലുളള വികസനം ലക്ഷ്യമിടുന്ന ഡിസൈന്‍ഡ് റോഡുകളുടെ നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുളള 63 പ്രവൃത്തികളാണ് തയ്യാറാക്കിയിരിക്കുന്നത്.

കേരള മുഖ്യമന്ത്രി

---- facebook comment plugin here -----

Latest