Connect with us

Prathivaram

'ബാരിഷ് ഖതം ഹോഗയാ?'

Published

|

Last Updated

കൈവിരലുകള്‍ ചുണ്ടോട് ചേര്‍ത്തു പിടിച്ച് കൈകൂപ്പി ആഹാരത്തിനു യാചിക്കുന്ന കുരുന്നുകളുടെ ദയനീയ ചിത്രം നിങ്ങള്‍ കണ്ടിട്ടുണ്ടാകും. പക്ഷേ, എന്റെത് ആദ്യ അനുഭവമായിരുന്നു. അങ്ങനെ കൈകൂപ്പിയ ബാലന്‍ ഇപ്പോള്‍ ഞങ്ങളുടെ കൈവിരലുകളില്‍ മാറിമാറി തൂങ്ങി ഞങ്ങള്‍ക്കിടയിലൂടെ ഒഴുകി നടക്കുകയാണ്. ഇത് ഗുല്‍ബര്‍ഗ, ബന്ദേനവാസ് അന്തിയുറങ്ങുന്ന മണ്ണ്. കന്നഡയുടെ അങ്ങേയറ്റത്ത് ആന്ധ്രാ പ്രദേശിനോട് ചേര്‍ന്നുകിടക്കുന്ന ശാന്തസുന്ദര ദേശം. ഞങ്ങളുടെ അവസാന ലക്ഷ്യസ്ഥാനമായിരുന്നു ഗുല്‍ബര്‍ഗ.

വിശ്വാസികളുടെ രണ്ടാം അജ്മീര്‍
കര്‍ണാടകയില്‍ ഞങ്ങള്‍ കണ്ട നഗരങ്ങളെ പോലെ, ഗല്ലികളും കോളനികളും ഇടതൂര്‍ന്ന കുന്നുകളും കൊണ്ട് നിബിഡമാണ് പട്ടണം. ബസില്‍ നിന്നിറങ്ങിയ ഞങ്ങളെ കവലകളില്‍ സൊറ പറഞ്ഞിരിക്കുന്നവരും കാര്യമായി ജോലികളിലേര്‍പ്പെട്ടവരും ഉറ്റുനോക്കുന്നുണ്ടായിരുന്നു. മൂവന്തി കഴിഞ്ഞ് ഇരുള്‍ വലയം ചെയ്ത രാത്രിയെ പ്രകാശ നിര്‍ഭരമാക്കിയ തെരുവ്. ഇരുവശങ്ങളിലും കണ്ണെത്താ ദൂരത്തേക്ക് നീണ്ടുനിവര്‍ന്നു കിടക്കുന്ന കടകള്‍. അതാ, ആ കാണുന്ന ഖുബ്ബക്ക് ചുവടെയാണ് ശൈഖ് അന്തിമയങ്ങുന്നത്. ഞങ്ങള്‍ നടത്തത്തിന് തിടുക്കം കൂട്ടി. ഗ്രാമാന്തരങ്ങളിലേക്ക് നീളുന്ന കൈവഴികളിലേതിലൂടെ ചെന്നാലും ഒടുവിലെല്ലാം മടങ്ങിയെത്തുന്നത് മഖാമിന്റെ പൂമുഖത്തേക്കാണ്.

വിശ്വാസികളുടെ രണ്ടാം അജ്മീറാണ് ഗുല്‍ബര്‍ഗ. നിസ്തുലനായ ഒരു ആത്മീയാചാര്യന്റെ സന്നിധാനം കൊണ്ട് പരിലസിക്കുന്ന ഈ നാടിന് വേണ്ടുവോളം പേരും പെരുമയുമുണ്ടായിട്ടും കേരളീയര്‍ അത്രക്കങ്ങോട്ട് എത്തുന്നില്ല. മറ്റ് ചില അയല്‍ സംസ്ഥാനങ്ങളില്‍ കാണുന്നത് പോലെ ഇവിടെ ചെരുപ്പഴിപ്പിച്ചു സൂക്ഷിക്കാന്‍ ആളെ നിശ്ചയിച്ചിട്ടില്ല, പക്ഷേ എല്ലാവരും നഗ്‌നപാദരാണ്. ബറക്കത്തെണ്ണയ്ക്ക് ബദല്‍ പറ്റാന്‍ ആരുമില്ല. കോലം നോക്കി മസാറിനുളളിലേക്ക് കടത്തിവിടാന്‍ ആരുമില്ല. തികച്ചും സ്വസ്ഥമായ അന്തരീക്ഷം. ബലദുല്‍ അമീനെ ഓര്‍ത്തുപോയി.

മഖാമകം വര്‍ണാഭമാണ്. ഉത്തരാധുനിക കലാ വൈഭവങ്ങളെ വെല്ലും വിധത്തിലുള്ള ദൃശ്യാവിഷ്‌കാരം. മേല്‍ച്ചുമരില്‍ ഖുര്‍ആനിക വചനങ്ങള്‍ മനോഹരമാം വിധം എഴുതിച്ചേര്‍ത്തിരിക്കുന്നു. ഇന്ത്യേതര രീതിയില്‍ രൂപകല്പന ചെയ്ത ഖുബ്ബയാണ് മറ്റൊരു കാഴ്ചാവിസ്മയം. അതിന്റെ നിലം പരപ്പളവ് വിശുദ്ധ കഅബക്ക് സമാനമാണെന്ന് പറയപ്പെടുന്നു. ശൈഖിന് ചുറ്റും ഒരുപാട് മഹാത്മാക്കളും മഹതികളും അന്ത്യവിശ്രമം കൊള്ളുന്നു. ഔറംഗസീബ് ചക്രവര്‍ത്തി ബന്ദേനവാസിന് വേണ്ടി പണികഴിപ്പിച്ചതാണ് മഖാമിനടുത്തുള്ള പള്ളി. രാത്രിയേറെ വൈകിയിട്ടും ഉറക്കച്ചടവില്ലാതെ അങ്ങാടിയിപ്പോഴും സജീവമാണ്. നഗരപ്രാന്തങ്ങളില്‍ കടകള്‍ ശീല കൊണ്ട് മൂടിക്കെട്ടി തുടങ്ങിയിരിക്കുന്നു. പുലരിയില്‍ നാടുണര്‍ന്നു, ഒപ്പം നഗരവും. ഷട്ടറുകള്‍ ഒന്നൊന്നായി ഉയര്‍ന്നുകൊണ്ടിരുന്നു. തെരുവുവീഥി പുരയാക്കിയവര്‍ കണ്ണു തിരുമ്മി ചടഞ്ഞെഴുന്നേറ്റ് തല ചാരിയ ചാക്കു കുടഞ്ഞ് വലിഞ്ഞു നടന്നകന്നു. അക്കൂട്ടത്തില്‍ ഞങ്ങളുടെ സമപ്രായക്കാരുമുണ്ടായിരുന്നു.

വെറോണയിലെ രണ്ട് മാന്യന്മാര്‍
അക്ഷരാഭ്യാസത്തിന്റെ അഭാവമാണ് ഗുല്‍ബര്‍ഗയുടെ ഏറ്റവും വലിയ ന്യൂനത. ചെറിയവര്‍ മുതല്‍ പ്രായം ചെന്നവര്‍ വരെ നിരക്ഷരതയില്‍ ഒന്നിനൊന്ന് മെച്ചം. ചിന്തകളോരോന്നായി ഉള്ളില്‍ കലങ്ങുമ്പോഴാണ് രണ്ട് ബാലന്മാര്‍ ശ്രദ്ധയെ ഉടക്കിയത്. കാഴ്ചയില്‍ രണ്ട് പേര്‍ക്കും 15 കവിയാത്ത പ്രായം. ക്രോനിന്‍ കഥയിലുള്ള വെറോണയിലെ രണ്ട് മാന്യന്മാരെപ്പോലെ തെല്ലിട ഗൗരവത്തോടെ പക്വത നടിച്ച് ഇരുവരും വേലകളില്‍ വ്യാപൃതരാണ്. ചപ്പാത്തിയും ഓംലെറ്റുമാണവര്‍ വില്‍പ്പന ചെയ്യുന്നത്.

“നിങ്ങള്‍ സ്‌കൂളിലൊന്നും പോകാറില്ലേ…?”
“പോകുമ്പോള്‍ പോകും…!” കൂടുതല്‍ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാനവര്‍ കൂട്ടാക്കിയില്ല. അറിവ് നുകരാന്‍ പാഠപുസ്തകങ്ങളും പിടിച്ച് വിദ്യാലയമുറ്റത്തേക്ക് നീങ്ങേണ്ട കാലത്ത് ജീവിതപ്പെരുവഴിയിലെ ഒരു മൂലയിലേക്ക് സ്വയം മാറിനില്‍ക്കാന്‍ അവര്‍ കാണിക്കുന്ന “ഉത്സാഹം” കണ്ട് ഞങ്ങള്‍ കൗതുകം കൂറി.

ഈ ഉത്സാഹം ഗുല്‍ബര്‍ഗയുടെ പൊതുബോധത്തിന്റെ ഉത്പന്നമാണ്. കച്ചവടമാണ് ഇവിടുത്തെ പ്രധാന ജീവിതമാര്‍ഗം. നേരം പുലര്‍ന്നത് മുതല്‍ അന്തിയുറങ്ങും വരെ അക്ഷീണം പണിയെടുത്ത് കിട്ടിയ കാശുകൊണ്ട് അന്നേക്കുള്ള അന്നം വാങ്ങി ജീവിതം തള്ളിനീക്കുന്നു. ദൈനംദിന ക്രയവിക്രയങ്ങള്‍ക്കിടയില്‍ തങ്ങളുടെ “ഠ” വട്ടത്തിനപ്പുറത്തുള്ളതൊന്നും അവര്‍ക്കറിയേണ്ടതില്ല. എങ്കിലും അവര്‍ അത് അറിഞ്ഞിരിക്കുന്നു, സമഭാവന പ്രകടിപ്പിച്ചിരിക്കുന്നു. ഈയടുത്ത് കേരളം അഭിമുഖീകരിക്കേണ്ടി വന്ന മഹാ പ്രളയം. അതവര്‍ക്ക് കേട്ടറിവാണ്. മലയാളികളാണെന്നറിയുമ്പോള്‍ ഉടനെ അടുത്ത ചോദ്യം വരും: “ബാരിഷ് ഖതം ഹോഗയാ?” ഇതേ ചോദ്യങ്ങള്‍ പലയിടത്തുനിന്നും ആവര്‍ത്തിച്ചു. അനുഭവിച്ചിട്ടും വെയിലൊന്ന് കനത്തപ്പോഴേക്കും നമ്മള്‍ മലയാളികള്‍ മറന്ന നൂറ്റാണ്ടിലെ ആ ദുരന്തം. ഞങ്ങള്‍ തുടരെത്തുടരെ മറുപടി കൊടുക്കുമ്പോഴും അതിലൊന്നും തൃപ്തരാകാതെ അവര്‍ വീണ്ടും ചോദിച്ചുകൊണ്ടേയിരുന്നു. ഞങ്ങളെ ആകര്‍ഷിച്ചത് അവരുടെ സ്വഭാവമായിരുന്നു. അപരത്വം ദേശീയതയായി നിര്‍വചിക്കപ്പെടുന്ന കെട്ടകാലത്ത് കല്‍ബുര്‍ഗിയുടെ രക്തമുറ്റിയ മണ്ണില്‍ തീര്‍ച്ചയായും നമുക്ക് മാതൃകയുണ്ട്.
.

Latest